9 മാസത്തിനിടെ രണ്ട് വധശിക്ഷ, രണ്ടും സ്ത്രീകൾ; രണ്ടും വിധിച്ചത് ഒരേ കോടതി
സംസ്ഥാനത്ത് അടുത്തിടെ വധശിക്ഷ ലഭിച്ച രണ്ട് കേസുകളിലും പ്രതികൾ സ്ത്രീകൾ. ശാന്തകുമാരി വധക്കേസിൽ പ്രതി റഫീക്ക ബീവിക്ക് വധശിക്ഷ വിധിച്ചത് 2024 മെയ് മാസത്തിലാണ്. ഇതിന് പിന്നാലെ പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മക്കും വധശിക്ഷ ലഭിച്ചു. രണ്ട് കേസുകളിലും വിധി പറഞ്ഞത് ഒരേ കോടതി തന്നെയാണെന്ന അപൂർവതയും ഇതിന് പിന്നിലുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഈ രണ്ട് കേസിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.
സ്വർണാഭരണങ്ങൾ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീക്ക കൊലപ്പെടുത്തിയത്. ഈ കേസിൽ പക്ഷേ റഫീക്ക മാത്രമായിരുന്നില്ല പ്രതികൾ. സുഹൃത്ത് അമീൻ, റഫീക്കയുടെ മകൻ ഷെഫീക്ക് എന്നിവർക്കും കോടതി വിധിച്ചത് വധശിക്ഷ തന്നെയാണ്. ഒരു കേസിൽ ഉൾപ്പെട്ട എല്ലാവർക്കും വധശിക്ഷ ലഭിച്ച കേരളത്തിലെ ഏക കേസും ഇതായിരുന്നു
കാമുകനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിലാണ് ഗ്രീഷ്മക്ക് വധശിക്ഷ ലഭിച്ചത്. സംസഥാനത്ത് വധശിക്ഷ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ പ്രതി കൂടിയാണ് ഗ്രീഷ്മ. 22ാം വയസിൽ ചെയ്ത കുറ്റകൃത്യത്തിന് വിധി വന്നത് 24ാം വയസിലാണ്. കേരളത്തിൽ 39 പേരാണ് വധശിക്ഷ കാത്ത് ജയിലിലുള്ളത്. ഗ്രീഷ്മ കൂടിയായതോടെ ഇത് 40 ആയി ഉയർന്നു