കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന രണ്ട് അക്ഷരം; സമരതീക്ഷ്ണതയുടെ വിഎസ്

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തല്ലെൻ യുവത്വവും, കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്ത ശീലമെൻ യൗവനം.. വിഎസിന്റെ പ്രസിദ്ധമായ വാക്കുകളാണത്. ജീവിച്ചിരുന്ന കാലത്തോളം പോരാളിയായിരുന്നു വിഎസ്. കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നേതാവ്. പതിറ്റാണ്ടുകളോളം ജനമനസ്സുകളിൽ വിഎസ് എന്ന രണ്ടക്ഷരം എന്നും ജ്വലിച്ച് നിന്നിരുന്നു. സമരാഗ്നിയിൽ സ്ഫുടം ചെയ്ത് തെളിഞ്ഞുനിന്ന വിഎസ് അച്യുതാനന്ദൻ ഒടുവിൽ കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുകയാണ്
വ്യക്തി ജീവിത്തതിലെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ട പോരാളിയായിരുന്നു വിഎസ്. ഐതിഹാസികമായ പുന്നപ്ര വയാർ സമരത്തിലൂടെ കേരളത്തിന്റെ സമരനായകനായി വളർന്നു വന്നതാണ് വിഎസിന്റെ രാഷ്ട്രീയ ചരിത്രം. കൊടിയ പോലീസ് മർദനത്തിനും ക്രൂരതക്കുമൊന്നും ആ വിപ്ലവാഗ്നി കെടുത്താൻ സാധിച്ചിരുന്നില്ല
കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനം. 1938ൽ സ്റ്റേറ്റ് കോൺഗ്രസ് അംഗമായി. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അംഗമായി. 1954ൽ സംസ്ഥാന കമ്മിറ്റി അംഗവും 1956ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായി
1964ൽ സിപിഐ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങി വന്ന് സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വിഎസാണ്. സംസ്ഥാനത്തെ സാധാരണക്കാരുടെ ശബ്ദമായി പതിയെ വിഎസ് മാറുകയായിരുന്നു. 82ാം വയസ്സിൽ അദ്ദേഹം മുഖ്യമന്ത്രിയായി. 2019 മുതൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിഎസ് വിട വാങ്ങി. ഇപ്പോൾ ജീവിതത്തിൽ നിന്നും.