രണ്ട് മലയാളി യുവതികളെ ശമ്പളവും ഭക്ഷണവും നല്‍കാതെ ഏജന്റ് ഫ്ളാറ്റില്‍ പൂട്ടിയിട്ടു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എത്തിയ രണ്ട് മലയാളി യുവതികളെ റിക്രൂട്ടിങ് ഏജന്റിന്റെ നേതൃത്വത്തില്‍ ഫ്ളാറ്റില്‍ പൂട്ടിയിട്ടതായി പരാതി. പുറം ലോകവുമായി ബന്ധപ്പെടാന്‍ യാതൊരു വിധത്തിലും സാധിക്കാത്ത രീതിയില്‍ അടഞ്ഞ മുറിയില്‍ കഴിയുന്ന ഇവര്‍ക്ക് തങ്ങള്‍ ജോലി ചെയ്ത കാലത്തെ ശമ്പളവും ഏജന്റ് നല്‍കിയിട്ടില്ല. തൊഴില്‍ തട്ടിപ്പിന് ഇരയായ യുവതികളാണ് റിക്രൂട്ടിങ് ഏജന്റിന്റെ ഫ്ളാറ്റില്‍ തടവില്‍ കഴിയുന്നത്.
തങ്ങളുടെ ജീവന്‍പോലും അപകടത്തിലാവുന്ന അവസ്ഥയിലാണെന്നും എത്രയും പെട്ടെന്ന് തങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ നടപടിയുണ്ടാവണമെന്നുമാണ് ആലപ്പുഴ മുതുകുളം സ്വദേശിയും കൊല്ലം കൊട്ടരക്കരയിലെ നെല്ലിക്കുന്നം സ്വദേശിയുമായ യുവതികള്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ ശരീരികവുമാ മാനസികവുമായി ഏറെ തളര്‍ന്നിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണംപോലും ലഭിക്കാതെ നരകയാതനയിലാണെന്നും ഇവര്‍ കണ്ണീരോടെ പറയുന്നു.
പലപ്പോഴും വീടുകളില്‍ അതികഠിനമായ ജോലിയാണ് ചെയ്യേണ്ടിവരുന്നത്. മതിയായ ഭക്ഷണംപോലും ലഭിക്കാറില്ല. പലപ്പോഴും സ്വദേശികളില്‍നിന്നും കൃത്യമായി ശമ്പളം വാങ്ങുന്ന ഏജന്റുമാര്‍ അത് തങ്ങള്‍ക്ക് നല്‍കാറില്ല. ചെയ്ത ജോലിയുടെ ശമ്പളം നല്കി നാട്ടിലേക്ക് മടക്കിയയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ലക്ഷം രൂപ വേണമെന്ന് പറഞ്ഞതായും ഇതുപോലെ മുന്‍പ് നാട്ടിലേക്ക് തിരിച്ചയച്ചവരില്നിന്നും ഇത്രയും തുക ഏജന്റുമാര്‍ ഈടാക്കിയതായും യുവതികള്‍ ആരോപിച്ചു.