National
48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകൾ; ആറ് ഭീകരരെ വധിച്ചെന്ന് സേനാ തലവൻമാർ

ജമ്മു കാശ്മീരിൽ 48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകളിലായി ആറ് ഭീകരവാദികളെ വധിച്ചതായി സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈന്യവും സിആർപിഎഫും ജമ്മു കാശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ വധിച്ചത്.
കെല്ലെർ, ഷോപിയാൻ, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രണ്ട് ഓപറേഷനുകളിലും കാര്യമായ നേട്ടം കൈവരിക്കാനായെന്നും കാശ്മീരിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണെന്നും കാശ്മീർ പോലീസ് ഐജി വികെ ബിർഡി പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടെ രണ്ട് പ്രധാന ആക്രമണങ്ങൾ നടത്തിയ ഭീകരനാണ്. ജർമൻ വിനോദസഞ്ചാരിക്കെതിരെ നടത്തിയ ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് മേജർ ജനറൽ ധനഞ്ജയ് ജോഷി പറഞ്ഞു.