
അബുദാബി: റമദാന്‍ പ്രമാണിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ സമയക്രമം യുഎഇ മനുഷ്യ വിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. സാധാരണയുള്ളതിലും രണ്ടു മണിക്കൂര്‍ കുറച്ചു മാത്രമേ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലയില്‍ ജോലിക്കാരെ ജോലി ചെയ്യിക്കാന്‍ പാടുള്ളൂ. കമ്പനികളുടെ താല്‍പര്യത്തിനും ആവശ്യത്തിനും അനുസരിച്ച് തൊഴിലിന്റെ സ്വഭാവവും പരിഗണിച്ച് കമ്പനികള്‍ക്ക് ഫ്‌ളെക്‌സിബിള്‍ സമയക്രമമോ, റിമോട്ട് വര്‍ക്ക് രീതിയോ ആവശ്യമെങ്കില്‍ നടത്താവുന്നതാണ്. ഏത് രീതിയായാലും മൊത്തം ജോലി ചെയ്യിക്കുന്ന സമയം സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ കൂടുതലാവാന്‍ പാടില്ല.
ഞായറാഴ്ച പൊതുമേഖലയിലെ സമയക്രമം യുഎഇ പ്രഖ്യാപിച്ചിരുന്നു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടരവരെ തിങ്കള്‍ മുതല്‍ വ്യാഴം വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 മണിവരെയുമാണ് സമയക്രമം. മാര്‍ച്ച് ഒന്നാം തീയതിയായ ശനിയാഴ്ച യുഎഇയില്‍ റമദാന്‍ വിശുദ്ധ മാസത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാണോ റമദാന്‍ ആരംഭിക്കുന്നത് ആ ദിവസം മുതലാണ് റമദാനിലേക്കുള്ള പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തേണ്ടത്.