
അബുദാബി: എഐ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഡ്രോണുകള്‍ ഉപയോഗിച്ച് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കുന്ന ആദ്യ രാജ്യമായി യുഎഇ. യുഎഇയുടെ ഫത്‌വ കൗണ്‍സില്‍ ആണ് ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാത്തില്‍ ഇന്നലെ വൈകിയിട്ട് ഡ്രോണിന്റെ സഹായത്തോടെയായിരുന്നു യുഎഇ റമദാന്‍ മാസപ്പിറവി നിരിക്ഷിച്ചുറപ്പിച്ചത്. യുഎഇ ഭരണ നേതൃത്വത്തിന്റെ എല്ലാ മേഖലകളിലേക്കും ആധുനിക സാങ്കേതിവിദ്യയെ ഉപയോഗപ്പെടുത്തുകയെന്ന വീക്ഷണമുള്ള യുഎഇ ഭരണ നേതൃത്വത്തിന്റെ സമീപനമാണ് ഇത്തരമൊരു അഭിമാനകരമായ റെക്കോര്‍ഡിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നേരിട്ടുള്ള കാഴ്ചയുടെ വിപുലീകരണമായി കണക്കാക്കുമെന്നാണ് യുഎഇ ഫത്‌വ കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. നഗ്നനേത്രങ്ങളാല്‍ എന്നപോലെ നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചു കാണാന്‍ ശ്രമിക്കുന്നതിലൂടെ ഇത് കുറ്റമറ്റതാണെന്നു പറയാനാവുമെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.