
യുഎഇയിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ഗോമതി എക്സ്ചേഞ്ചിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ നിയമങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.
സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനകളിൽ, സ്ഥാപനം ആന്റി മണി ലോണ്ടറിംഗ് (AML), തീവ്രവാദ ഫണ്ടിംഗ് തടയുന്നതിനുള്ള നിയമങ്ങൾ എന്നിവ ലംഘിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന്, സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും യുഎഇയിലെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ നിന്ന് ഗോമതി എക്സ്ചേഞ്ചിന്റെ പേര് നീക്കം ചെയ്യുകയും ചെയ്തു.
യുഎഇയുടെ സാമ്പത്തിക മേഖലയുടെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ എക്സ്ചേഞ്ചുകളും യുഎഇയിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓർമ്മിപ്പിച്ചു.