
ലോകത്ത് എല്ലായിടത്തും എന്ന പോലെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി യു എ ഇയിലും സ്വർണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. പല തവണ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുന്നതിനിടെ വെള്ളിയാഴ്ച് ആശ്വാസമായി രാജ്യത്തെ സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. യു എ ഇയില്‍ നിന്നും സ്വർണം വാങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യക്കാർക്ക് ഇത് ഒരു അവസരമാക്കി ഉപയോഗപ്പെടുത്താവുന്നതാണ്.
യു എ ഇയില്‍ ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 0.5 ദിർഹം കുറഞ്ഞ് 353 ദിർഹമായും 22 കാരറ്റ് സ്വർണത്തിന്റെ വില 0.75 ദിർഹം കുറഞ്ഞ് 328.25 ദിർഹവുമായി. സമാനമായ ഇടിവ് 21 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 21 കാരറ്റ് സ്വർണ്ണത്തിന്റെ വില 0.5 ദിർഹം കുറഞ്ഞ് 314.75 ദിർഹം ആയും 18 കാരറ്റ് സ്വർണ്ണം 0.5 കുറഞ്ഞ് 269.75 ദിർഹവുമായി.
ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ യു എ ഇയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 7745 രൂപയാണ്. കേരളത്തില്‍ ഇന്ന് ഒരു ഗ്രാമിന്റെ വില 8025. അതായത് യു എ ഇയില്‍ ഒരു പവന് സ്വർണ്ണം വാങ്ങുകയാണെങ്കില്‍ 61960 രൂപയും കേരളത്തിലാണെങ്കില്‍ 64200 രൂപയും നല്‍കണം. രണ്ടിടത്തേയും വിലയിലെ വ്യത്യാസം 2240 രൂപ.
ആഗോളതലത്തിൽ, പോട്ട് ഗോൾഡ് ഔൺസിന് 0.44 ശതമാനം ഇടിഞ്ഞ് 2,927.55 ഡോളറിലെത്തിയിരുന്നു ഇതിന്റെ പ്രതിഫലനമാണ് യു എ ഇ വിപണിയിലും അനുഭവപ്പെട്ടത്. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.39 ശതമാനം ഇടിഞ്ഞ് 2,942.31 ഡോളറിലേക്കുമെത്തി. സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ടായി. സ്പോട്ട് സിൽവർ 0.40 ശതമാനം ഇടിഞ്ഞ് 32.79 ഡോളറിലും, പ്ലാറ്റിനം 0.78 ശതമാനം ഇടിഞ്ഞ് 970.73 ഡോളറിലും, പല്ലേഡിയം 0.57 ശതമാനം ഇടിഞ്ഞ് 971.80 ഡോളറിലുമാണ് വില്‍പ്പന നടക്കുന്നത്.
അതേസമയം, കേരളത്തിലും ഇന്ന് സ്വർണ വില സർവ്വകാല റെക്കോർഡില്‍ നിന്നും താഴേക്ക് പതിച്ചു. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 64560 രൂപയെന്ന എക്കാലത്തേയും ഉയർന്ന നിരക്കിലായിരുന്നു വില്‍പ്പന. പവന് 360 രൂപയുടെ ഇടിവാണ് ഇന്ന് സ്വര്‍വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലത്തെ നിരക്കായ 64560 ല്‍ നിന്ന് മാറി 64200 ല്‍ ആണ് കേരളത്തില്‍ ഇന്ന് സ്വർണ്ണ വില്‍പ്പന നടക്കുന്നത്.
ഫെബ്രുവരിയില്‍ വന്‍ കുതിപ്പ്
ഫെബ്രുവരിയില്‍ മാസത്തില്‍ കേരള വിപണിയില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61960 രൂപ എന്ന നിലയിലായിരുന്നു മാർക്കറ്റ് ആരംഭിച്ചത്. എന്നാല്‍ വെറും 20 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 2600 രൂപയുടെ വർധനവ് രേഖപ്പെടുത്തി. 2025 ല്‍ ഇതുവരെ മാത്രമായി സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്. ജനുവരി ഒന്നിന് 57200 എന്ന നിലയിലായിരുന്നു സ്വര്‍ണ വില്‍പ്പന.