
അബുദാബി: ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ വിസ, മാസ്റ്റര്‍കാഡ് എന്നിവക്ക് ബദലായി ഉപയോഗിക്കാവുന്ന ജെയ്‌വാന്‍ എന്ന സ്വന്തം ഡിജിറ്റല്‍ കാര്‍ഡ് പുറത്തിറക്കി യുഎഇ. സെന്‍ട്രല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പെയ്‌മെന്റ്‌സ്(എഇപി) ആണ് ആദ്യ ആഭ്യന്തര കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ റൂപേ കാര്‍ഡ് മാതൃകയിലുള്ളതാണ് ജെയ്‌വാന്‍ കാര്‍ഡ്. ആഭ്യന്തര ഉപയോഗത്തിനൊപ്പം രാജ്യാന്തര തലത്തിലും ഈ കാര്‍ഡ് ഉപയോഗിക്കാനാവുമെന്നതാണ് ഏറ്റവും വലിയ നേട്ടം. യുഎഇയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് ഓപ്ഷനുകള്‍ വിപുലീകരിക്കാനുള്ള പ്രയത്‌നത്തിന്റെ ഭാഗമാണ് പുതിയ കാര്‍ഡ്.
ബിസിനസുകാര്‍ക്കും വ്യക്തികള്‍ക്കുമെല്ലാം സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പെയ്‌മെന്റ് ഓപ്ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് അസിസ്റ്റന്റ് ഗവര്‍ണറും എഇപി ചെയര്‍മാനുമായ സൈഫ് ഹുമൈദ് അല്‍ ദാഹിരി പറഞ്ഞു. ജെയ്‌വാന്‍ കാര്‍ഡില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവ ലഭ്യമാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് മാത്രമല്ല എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) എന്നിവര്‍ക്കുമെല്ലാം ജെയ്‌വാന്‍ കാര്‍ഡ് ഉപയോഗിക്കാനാവും. മോണോ ബാഡ്ജ്, കോ ബാഡ്ജ് എന്നീ രണ്ടിനും കാര്‍ഡുകളാണ് ലഭിക്കുക. ജിസിസി രാജ്യങ്ങളിലും തെരഞ്ഞെടുത്ത വിദേശരാജ്യങ്ങളിലും കാര്‍ഡ് ഉപയോഗിക്കാനാവും. മോണോ ബാഡ്ജ് കാര്‍ഡ് പ്രാദേശികമായും രാജ്യാന്തരതലത്തിലും പൊതുവായി ഉപയോഗിക്കാനാവുന്നതാണ്. എന്നാല്‍ കോ ബാഡ്ജ് കാര്‍ഡ് ആകട്ടെ മാസ്റ്റര്‍ കാര്‍ഡ,് വീസ, യൂണിയന്‍ പേ, ഡിസ്‌കവര്‍ തുടങ്ങിയ രാജ്യാന്തര പെയ്‌മെന്റ് നെറ്റ്വര്‍ക്ക് സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.