
ദുബായ്: സോഷ്യൽ മീഡിയയിലൂടെ പണം വാങ്ങി പരസ്യം ചെയ്യുന്ന വ്യക്തികൾക്ക് യുഎഇ മീഡിയ കൗൺസിൽ ‘പരസ്യ പെർമിറ്റ്’ നിർബന്ധമാക്കി. ഓൺലൈൻ പരസ്യങ്ങളെ നിയന്ത്രിക്കുന്നതിനും ഈ മേഖലയിൽ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പണം വാങ്ങി ചെയ്യുന്ന പരസ്യങ്ങൾക്കും അല്ലാത്ത പ്രൊമോഷണൽ ഉള്ളടക്കങ്ങൾക്കും ഈ പെർമിറ്റ് ബാധകമായിരിക്കും.
ഡിജിറ്റൽ പരസ്യം ചെയ്യുന്ന എല്ലാവർക്കും ഈ പെർമിറ്റ് നിർബന്ധമാണ്. ആദ്യ മൂന്ന് വർഷത്തേക്ക് പെർമിറ്റ് സൗജന്യമായിരിക്കും എന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. കൗൺസിൽ ലൈസൻസ് ഉള്ളവരെ മാത്രം പരസ്യങ്ങൾക്കായി തിരഞ്ഞെടുക്കാൻ കമ്പനികളോടും സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ലൈസൻസ് നമ്പർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്ലാറ്റ്‌ഫോമുകളിലും വ്യക്തമായി പ്രദർശിപ്പിക്കണം. കൗൺസിലിൽ രജിസ്റ്റർ ചെയ്തതും പെർമിറ്റ് ലഭിച്ചതുമായ അക്കൗണ്ടുകളിലൂടെ മാത്രമേ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
ഉള്ളടക്ക നിർമ്മാതാക്കളെ ശാക്തീകരിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പെർമിറ്റ് ലക്ഷ്യമിടുന്നതെന്ന് യുഎഇ മീഡിയ കൗൺസിൽ സ്ട്രാറ്റജി ആൻഡ് മീഡിയ പോളിസി സെക്ടർ സിഇഒ മൈത മാജെദ് അൽ സുവൈദി പറഞ്ഞു. പുതിയ നിയമങ്ങൾ പാലിക്കാൻ ഉള്ളടക്ക നിർമ്മാതാക്കൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിട്ടുണ്ട്.
സമൂഹത്തിന്റെയും ഉള്ളടക്ക നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരസ്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ വ്യക്തമായ സംവിധാനങ്ങൾ ഒരുക്കുന്നതിനും ഈ പെർമിറ്റ് സഹായിക്കും. അതുവഴി, പരസ്യ ഉള്ളടക്ക നിർമ്മാണത്തിന്റെ ഒരു പ്രമുഖ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായകമാകും.
നേരത്തെ, യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് നാഷണൽ മീഡിയ കൗൺസിലിന്റെ ലൈസൻസ് നിർബന്ധമാക്കിയിരുന്നു. അതുപോലെ, ഒരു ബിസിനസ് ലൈസൻസും മീഡിയ ലൈസൻസും ഇപ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് നിർബന്ധമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്. പുതിയ നിയമങ്ങൾ ധാർമ്മികവും മത്സരപരവുമായ ഒരു ഡിജിറ്റൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് ലക്ഷ്യമിടുന്നു.