ലബനോണ് സഹായവുമായി യുഎഇ വിമാനം
അബുദാബി: യുദ്ധം താറുമാറാക്കിയ ലബനോണിലേക്ക് ആശ്വാസമായി യുഎഇയുടെ സഹായം വഹിച്ചുള്ള വിമാനമെത്തി. ‘യുഎഇ ലെബനനൊപ്പം നില്‍ക്കുന്നു’ എന്ന കാമ്പെയ്നിന്റെ ഭാഗമായാണ് ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 23ാമത് യുഎഇ ദുരിതാശ്വാസ വിമാനം എത്തിയത്. യുഎഇ രാഷ്ട്രപതി ശൈഖ്് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലും പ്രസിഡന്‍ഷ്യല്‍ കോടതി ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാര്‍ഗനിര്‍ദേശത്തിലുമാണ് ഈ സഹായം എത്തിക്കുന്നത്.
ലെബനന്‍ ജനത നേരിടുന്ന പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കുന്നതിന്, പ്രത്യേകിച്ച് ആരോഗ്യം, സാമൂഹികക്ഷേമം, സമ്പദ്വ്യവസ്ഥ എന്നീ മേഖലകളില്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ റിലീഫ് ഏജന്‍സി വൈസ് ചെയര്‍മാന്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷംസി വ്യക്തമാക്കി.
‘പ്രതിസന്ധിയുടെ തീവ്രത കണക്കിലെടുക്കുമ്പോള്‍, മെഡിക്കല്‍ സാധനങ്ങള്‍, ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍ എന്നിവയുടെ ആവശ്യകത മുമ്പെന്നത്തേക്കാളും വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.