
അബുദാബി: ഗാസയിലെ മനുഷ്യരെ അവരുടെ സ്വന്തം മണ്ണില്‍ നിന്നും മാറ്റി അനാഥമാക്കാനുള്ള ഏത് പദ്ധതിയെയും തങ്ങള്‍ എതിര്‍ക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി യുഎഇ തലസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഗാസന്‍ ജനതയെ അന്യവല്‍ക്കരിക്കാനുള്ള ഏത് ശ്രമത്തെയും നിരാകരിക്കുന്നതായി പ്രഖ്യാപിച്ചത്.
ഫലസ്തീന്‍-ഇസ്രായേല്‍ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് രണ്ട് രാജ്യമെന്ന സിദ്ധാന്തത്തെ മുന്‍നിര്‍ത്തിയാണ്. മേഖലയില്‍ ശാശ്വതമായ പരിഹാരമുണ്ടാവണമെങ്കില്‍ ഈ ഒരൊറ്റ കാര്യമേ പ്രാവര്‍ത്തികമാകൂവെന്നും ശൈഖ് മുഹമ്മദ് റോബിയോയെ ഓര്‍മിപ്പിച്ചു.
ഗാസയിലെ ജനതയുടെ ദുരിതം മാറണമെങ്കില്‍ സമാധാനവും സുസ്ഥിതിയുടെയും സുഭിക്ഷതയും അവിടെ ഉണ്ടാവേണ്ടതുണ്ടെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു. യുഎസിനും യുഎഇക്കും ഇടയിലെ ഉപയകക്ഷി ബന്ധം കൂടുതല്‍ ശക്തമായി തുടരേണ്ടുന്നതിന്റെ പ്രാധാന്യവും അതിന് ആവശ്യമായ നയങ്ങളുമെല്ലാം ചര്‍ച്ചയില്‍ വിഷയമായതായും ഡോ. ്ന്‍വര്‍ വെളിപ്പെടുത്തി. ഗാസ, ഉക്രൈന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തുന്ന മേഖലാ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് സ്റ്റേറ്റ് സെക്രട്ടറി യുഎഇയില്‍ എത്തിയത്.