DubaiGulf

ഇന്ത്യൻ യുപിഐ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ യുഎഇ

ദുബായ്: ക്യൂആർ കോഡിൽ അധിഷ്ഠിതമായ ​ ഇന്ത്യയുടെ യുപിഐ പെയ്​മെന്‍റ്​ സംവിധാനം യുഎഇയിൽ കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാൻ ധാരണയായി. ഇന്ത്യയിൽ നിന്ന്​ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൈയിൽ പണമോ എടിഎം കാർഡുകളോ ഇല്ലാതെ തന്നെ മുഴുവൻ പണമിടപാടുകളും യുപിഐ ആപ്ലിക്കേഷൻ വഴി നിർവഹിക്കാൻ ഇതു വഴി സൗകര്യം ഒരുങ്ങും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്​ കുമാർ ശിവൻ, നാഷനൽ ​പെയ്​മെന്‍റ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ (എൻ.പി.സി.ഐ) മാനേജിങ്​ ഡയറക്ടറും സിഇഒയുമായ റിതേഷ്​ ശുക്ല എന്നിവരാണ്​​ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

നിലവിൽ യുഎഇയിലെ ഏറ്റവും പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ്​, ദുബായ് ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിൽ ക്യൂആർ കോഡ്​ ഉപയോഗിച്ചുള്ള യുപിഐ ​പെയ്​മെന്‍റ്​ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്​താക്കൾക്ക്​ യുഎഇയിൽ വ്യാപാര ഇടപാട്​ നടത്തുമ്പോൾ അവരുടെ ഇന്ത്യൻ അക്കൗണ്ടിൽ നിന്ന്​ നേരിട്ട്​ പണമടക്കാൻ കഴിയു​മെന്നതാണ്​ ഇതിന്‍റെ​ ഏറ്റവും വലിയ സവിശേഷത​. രണ്ടാം ഘട്ടമെന്ന നിലയിലാണ്​ ഈ സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നത്​. ​മഷ്​രിക്​ ബാങ്കിന്‍റെ നിയോപേ, നെറ്റ്​വർക്ക്​ ഇന്‍റർനാഷനൽ, മാഗ്​നാട്ടി തുടങ്ങിയ പെയ്​മെന്‍റ്​ സേവന ദാതാക്കളുടെ പങ്കാളിത്തത്തിലൂടെയാണ്​ ഇത്​ സാധ്യമാക്കുകയെന്ന്​ റിതേഷ്​ ശുക്ല പറഞ്ഞു. ഇന്ത്യയുടെ യു.പി.ഐയുടെയും യുഎഇയുടെ ‘ആനി’ (എഎഎൻഐ) യുടെയും ഡിജിറ്റൽ പേയ്‌മെന്‍റ്​ പ്ലാറ്റ്‌ഫോമുകളുടെ സംയോജനം ഇതിനായി പൂർത്തിയാകേണ്ടതുണ്ട്​. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്​. ഒരു വർഷത്തിനുളളിൽ ഇത് യാഥാർഥ്യമാവുമെന്നും യുഎഇയിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളിലും ടാക്സികൾ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങളിലും യു.പി.ഐ പെയ്​മെന്‍റ്​ സംവിധാനം ഉപയോഗിച്ച്​ ഇടപാട്​ നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

നിലവിൽ ഇന്ത്യയും സിംഗപ്പൂരും ഈ സംവിധാനം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉപയോക്താവ് ഫീസ് നൽകേണ്ടതില്ല. എന്നാൽ കറൻസി എക്സ് ചേഞ്ച് നിരക്ക് ഈടാക്കുമെന്നും റിതേഷ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!