
അബുദാബി: പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ 10 രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചതിനെ യുഎഇ സ്വാഗതം ചെയ്തു. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ രാജ്യങ്ങളുടെ നീക്കം പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര പിന്തുണ വർദ്ധിക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
മാൾട്ട, കാനഡ, ഓസ്‌ട്രേലിയ, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, ലക്സംബർഗ്, ന്യൂസിലാൻഡ്, പോർച്ചുഗൽ, സാൻ മറിനോ തുടങ്ങിയ രാജ്യങ്ങളാണ് പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചത്. ഇത് പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് ഒരു ന്യായവും ശാശ്വതവുമായ സമാധാനത്തിന് വഴിതുറക്കുമെന്നും ഈ രാജ്യങ്ങളുടെ നിലപാട് ഒരു പുതിയ രാഷ്ട്രീയ പ്രക്രിയക്ക് വേഗത നൽകുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കൂടുതൽ രാജ്യങ്ങൾ സമാനമായ നിലപാടുകൾ സ്വീകരിച്ച് പലസ്തീനെ അംഗീകരിക്കണമെന്ന് യുഎഇ ആഹ്വാനം ചെയ്തു. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന നിലപാട് യുഎഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായിരിക്കെ, ഈ നീക്കം വലിയ പ്രാധാന്യമർഹിക്കുന്നു.