Kerala
യുഡിഎഫ് പ്രവേശനം: മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി പിവി അൻവർ

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളെ കാണാൻ പിവി അൻവറിന്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അൻവർ അനുമതി തേടി. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്ന കാര്യം യുഡിഎഫിൽ ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് അനുമതി തേടിയത്.
പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്താനാണ് അനുമതി തേടിയത്. എന്നാൽ മുൻനിശ്ചയിച്ച പരിപാടികളുള്ളതിനാൽ ഇവർ കൂടിക്കാഴ്ചയ്ക്ക് ഇന്ന് അനുമതി നൽകിയില്ല.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി. വി അൻവറുമായി സഹകരിച്ച് പ്രവർത്തിക്കാൻ കോൺഗ്രസിൽ ധാരണയായിരുന്നു. മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായില്ല. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ ഇന്നലെയാണ് കൂടിക്കാഴ്ച നടത്തിയത്.