Kerala
യുഡിഎഫ് തീരുമാനത്തിന് ഒരു പകൽ കൂടി കാത്തിരിക്കും; സ്ഥാനാർഥി പ്രഖ്യാപനം നീട്ടി അൻവർ

യുഡിഎഫ് പ്രവേശനത്തിൽ സമവായ സാധ്യതാ സൂചന നൽകി പിവി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു. ഇന്ന് വിളിക്കാനിരുന്ന വാർത്താ സമ്മേളനം അൻവർ റദ്ദാക്കി
തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുത്തില്ലെങ്കിൽ ഇന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനായിരുന്നു അൻവർ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുകയാണെന്ന് ഇന്ന് അൻവർ പ്രതികരിച്ചു
സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും സാമൂഹിക നേതാക്കളും വിളിച്ചിരുന്നു. അവരെല്ലാം ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇത്രയധികം ആളുകൾ കാത്തിരിക്കണമെന്ന് പറയുമ്പോൾ അത് മുഖവിലക്ക് എടുക്കാതിരിക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു.