യുഎഇ പാരാലിമ്പിക് അത്‌ലറ്റിന്റെ 2017ലെ മരണം; യുകെ അത്‌ലറ്റിനെതിരേ കൊലക്കുറ്റം ചുമത്തി
അബുദാബി: യുഎഇയുടെ പാരാലിമ്പിക് അത്‌ലറ്റ് 2017ല്‍ മരിച്ച സംഭവത്തില്‍ യുകെ അത്‌ലറ്റിനെതിരേ കൊലക്കുറ്റം ചുമത്തി. ലോക പാരാലിമ്പിക് അത്‌ലറ്റിക് ചാംമ്പ്യന്‍ഷിപ്‌സിന്റെ ഒരുക്കത്തിനിടെ യുഎഇ അത്‌ലറ്റ് അബ്ദുല്ല ഹയായ് മരിക്കാന്‍ ഇടയായ സംഭവത്തിലാണ് ബ്രിട്ടീഷ് പ്രോസിക്യൂഷന്‍ മുന്‍ അത്‌ലറ്റായ കെയ്ത് ഡേവിസി(77)നെതിരേ യുകെ ഹെല്‍ത്ത് ആന്റ് സെയ്ഫ്റ്റി വര്‍ക്ക് ആക്ട് പ്രകാരം കടുത്ത അശ്രദ്ധയുടെ പേരില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വിസ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മുന്‍ ബ്രിട്ടീഷ് അത്‌ലറ്റും പാരാലിമ്പിക് ചാംമ്പ്യന്‍ഷിപ്പിന്റെ അന്നത്തെ തലവനുമായിരുന്നു കെയ്ത്.
ലണ്ടനില്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു 36 കാരനായ യുഎഇ താരത്തിന്റെ മരണം. ലോക ചാംമ്പ്യന്‍ഷിപ്പിനായി ന്യൂ ഹാം ലെഷര്‍ സെന്ററില്‍ പരിശീലനം നടത്തുന്നതിനിടെ ലോഹക്കൂട് ഹയായിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന പാരലിമ്പിക് മത്സരത്തില്‍ ജാവലിനിലും ഷോട്ട്പുട്ടിലും അരങ്ങേറ്റം കുറിച്ച യുഎഇ താരം തത്ക്ഷണം മരിക്കുകയായിരുന്നു. 31ന് നടക്കുന്ന വിചാരണയില്‍ നേരിട്ട് ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.