ഉക്രൈന്‍ പ്രശ്‌നം: റിയാദില്‍ നടക്കുന്ന യുഎസ്-റഷ്യ ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് യുഎസ് വക്താവ്
ചര്‍ച്ചകള്‍ യുദ്ധത്തിന് വിരാമിടാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷ

റിയാദ്: അമേരിക്കക്കും റഷ്യക്കും ഇടയില്‍ ബന്ധം ഊഷ്മളമാക്കാന്‍ ലക്ഷ്യമിട്ട് റിയാദില്‍ നടക്കുന്ന സൗദിയുടെ മധ്യസ്ഥത ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് യുഎസ് വക്താവ്. മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് സര്‍ക്കാറിന്റെ കാലത്ത് ഉക്രൈന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ഈ സാഹചര്യം പരിഹരിക്കാനും ഉക്രൈനിലെ രക്തചൊരിച്ചില്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് സൗദിയുടെ മധ്യസ്ഥതയില്‍ യുഎസ് റഷ്യന്‍ പ്രതിനിധികള്‍ ഒരേ മേശയ്ക്ക് ചുറ്റും ഇരുന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് യുഎസ് സ്റ്റാറ്റസ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവും ചര്‍ച്ച നടത്തുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ വക്താവായ ടമ്മി ബ്രൂസ് ആണ് തന്റെ പതിവ് വാര്‍ത്താസമ്മേളനത്തില്‍ സൗദിയില്‍ നടക്കുന്ന ചര്‍ച്ചകളെ പ്രകീര്‍ത്തിച്ചത്.
ചര്‍ച്ചകള്‍ യുദ്ധത്തിന് വിരാമിടാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷയെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമം ഉണ്ടാവണമെന്നതാണ് യുഎസിലെ പുതിയ ട്രംപ് സര്‍ക്കാരിന്റെ നിലപാട്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉരുണ്ടുകൂടിയ അഭിപ്രായ വ്യത്യാസങ്ങളും ഒപ്പം അകല്‍ച്ചയും പരിഹരിക്കാന്‍ ചര്‍ച്ച ഉപകരിക്കുമെന്നും ഉക്രൈന്‍ വിഷയത്തില്‍ എല്ലാ വിഭാഗത്തിനും സ്വീകാര്യമാകുന്ന ഒരു പരിഹാരമാണ് വേണ്ടതെന്നും ബ്രൂസ് ഓര്‍മിപ്പിച്ചു.