ഉമാ തോമസ് എം എല്‍ എ വീണ സംഭവം: ഇവന്റ് മാനേജര്‍ അറസ്റ്റില്‍
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് പിന്നാലെ
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ സംഘാടകന്‍ അറസ്റ്റില്‍. പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘മൃദംഗ വിഷ’ന്റെ സിഇഒ ഷമീര്‍ അബ്ദുര്‍റഹീം ആണ് അറസ്റ്റിലായത്.
ഹൈക്കോടതിയില്‍ ജാമ്യാ ഹരജി സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യത്തിനായി കാത്തിരിക്കവെയാണ് ഷമീറിനെ പോലീസ് പിടികൂടിയത്. കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, എംഎല്‍എ ഉമാ തോമസ് വീണു ഗുരുതര പരിക്കേറ്റ പരിപാടിയെച്ചൊല്ലിയുള്ള സാമ്പത്തിക ആരോപണത്തില്‍ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കില്‍ വിളിച്ചുവരുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. വിഷയത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നും സംഘാടകര്‍ അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട, പന്ത്രണ്ടായിരത്തിലികം പേര്‍ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തില്‍ ?ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകളോ പാലിച്ചില്ലായിരുന്നു. സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രാണ്ടായിരം നര്‍ത്തകരുടെ ഭരതനാട്യമാണ് മൃദംഗവിഷന്‍ സംഘടിപ്പിച്ചത്. തമിഴ്‌നാടിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള കേരളത്തിന്റെ നൃത്തപരിപാടി എന്നാണ് നല്‍കിയ പ്രചാരണം. ഇത് സര്‍ക്കാര്‍ പരിപാടിയെന്ന് തെറ്റിദ്ധരിച്ചാണ് പലരുമെത്തിയത്.