ചെറിയ ഭാരം പോലും ഉയർത്താനാവില്ല: ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുന്ന സുനിത വില്യംസിന് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളായി തുടരുന്ന യുഎസ് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരികെ വരാനൊരുങ്ങുകയാണ്. വെറും എട്ട് ദിവസത്തെ ദൗത്യത്തിന് പോയ ഇവർക്ക് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടിവന്നത് ഒമ്പത് മാസത്തിലേറെയാണ്. ഇവരെ തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന്‍റെ ഭാഗമായ സ്‌പേസ് എക്‌സ് ക്രൂ-10 പേടകം ഇന്ന് (മാർച്ച് 16) രാവിലെയാണ് ബഹിരാകാശ നിലയത്തിലെത്തിയത്.
ഇതിന് പിന്നാലെ ക്രൂ-10 പേടകത്തിലെ നാലംഗ സംഘം ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെയും ക്രൂ-9 അംഗങ്ങൾ അവരെ ആലിംഗനം ചെയ്‌ത് സ്വീകരിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ക്രൂ-10 പേടകത്തിലെ യാത്രികർക്ക് ബഹിരാകാശ നിലയത്തിന്‍റെ മേൽനോട്ട ചുമതലകൾ കൈമാറിയ ശേഷമായിരിക്കും സുനിത വില്യംസടക്കം ക്രൂ-9 പേടകത്തിൽ തിരിച്ചുവരാനിരിക്കുന്ന യാത്രികർ മടങ്ങുക. മാർച്ച് 19ന് (ബുധനാഴ്‌ച) ക്രൂ-9 പേടകം 4 ബഹിരാകാശ സഞ്ചാരികളുമായി ഭൂമിയിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം.
സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഇന്ത്യൻ സമയം ഏകദേശം ഉച്ചയ്‌ക്ക് 1.30ന് മുൻപായി പേടകത്തിന് പുറപ്പെടാനാകും. നാസ ബഹിരാകാശയാത്രികരായ സുനി വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരായിരിക്കും ക്രൂ-9 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുന്നത്.
ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ:
മാസങ്ങൾക്ക് ശേഷം ഭൂമിയിലെത്തുന്ന ഈ ബഹിരാകാശ യാത്രികർക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നാണ് വിദഗ്‌ധാഭിപ്രായം. മുമ്പും ഇത്തരത്തിൽ മാസങ്ങളായി ബഹിരാകാശ നിലയത്തിൽ കഴിയേണ്ടിവന്ന യാത്രികർക്ക് കാഴ്‌ച്ചക്കുറവ്, തലകറക്കം, നടക്കാൻ ബുദ്ധിമുട്ട്, മാനസിക പിരിമുറുക്കം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
അസ്ഥികളുടെ സാന്ദ്രത കുറയും, പേശികൾ ക്ഷയിക്കും, ഭാരക്കുറവ്:
ദീർഘകാലം മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ ബഹിരാകാശയാത്രികർ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി പേശികളുടെയും അസ്ഥികളുടെയും ബലഹീനതയാണ്. ഭൂമിയിലേതുപോലെ പേശികളും അസ്ഥികളും ഉപയോഗിക്കാത്തതിനാൽ ഇവരുടെ അസ്ഥികളുടെ സാന്ദ്രത കുറയാനും പേശികൾ ക്ഷയിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇത് ഭാരക്കുറവിലേക്കും നയിക്കും.
എല്ലുകൾ എളുപ്പത്തിൽ ഒടിയും:
അസ്ഥികളുടെ സാന്ദ്രത കുറയുന്നത് എല്ലുകൾ എളുപ്പത്തിൽ ഒടിയുന്നതിന് കാരണമായേക്കാം. എല്ലുകൾ ഒടിഞ്ഞാൽ തന്നെ സുഖമാവാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം അവരുടെ അസ്ഥികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ നാല് വർഷം വരെ എടുക്കും.
ഹൃദയാരോഗ്യ പ്രശ്‌നങ്ങൾ:
ദീർഘകാലം ബഹിരാകാശത്ത് കഴിയുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. ബഹിരാകാശത്ത് ദ്രാവകങ്ങൾ മുകളിലേക്ക് നീങ്ങുന്നതിനാൽ ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നില്ല. പിന്നീട് ഭൂമിയുടെ ഗുരുത്വാകർഷണത്തിലേക്ക് മടങ്ങുമ്പോൾ രക്തയോട്ടം സാധാരണ നിലയിലാകാൻ ബുദ്ധിമുട്ടാകും. തലകറക്കം, കുറഞ്ഞ രക്തസമ്മർദ്ദം, ബോധക്ഷയം എന്നിവയ്‌ക്ക് വരെ ഇത് കാരണമാകാം.
കാഴ്‌ച പ്രശ്‌നങ്ങൾ:
ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഗുരുതര കാഴ്‌ച പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മൈക്രോഗ്രാവിറ്റി മൂലം സ്‌പേസ് ഫ്ലൈറ്റ്-അസോസിയേറ്റഡ് ന്യൂറോ-ഒക്കുലാർ സിൻഡ്രോം എന്ന അവസ്ഥയും കാഴ്‌ചയ്‌ക്ക് സംഭവിക്കാം. ഇത് മങ്ങിയ കാഴ്‌ച, നേത്ര നാഡിയുടെ വീക്കം, കണ്ണിലെ ഘടനാപരമായ മാറ്റങ്ങൾ എന്നിവയ്‌ക്കാ കാരണമാകാം.
റേഡിയേഷൻ മൂലം കാൻസർ സാധ്യത:
ബഹിരാകാശത്ത് ഭൂമിയേക്കാൾ ഉയർന്ന തോതിൽ ബഹിരാകാശയാത്രികർക്ക് കോസ്‌മിക് വികിരണമേൽക്കുന്നു. ദീർഘകാലമായി ഇത്തരം വികിരണങ്ങൾക്ക് വിധേയമാകേണ്ടി വന്നാൽ ഇത് കാൻസറിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും നാഡീ സംബന്ധമായ അസുഖങ്ങൾക്കും ഉള്ള സാധ്യത വർധിപ്പിക്കുന്നു. ദീർഘകാലമായി ബഹിരാകാശത്ത് കഴിയുന്നവർക്ക് രക്താർബുദം, ത്വക്ക് കാൻസർ, ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനൽ കാൻസർ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.
മാനസിക സമ്മർദ്ദം:
മാസങ്ങളോളം ബഹിരാകാശത്ത് അടച്ചിട്ട മുറികളിലും സമ്മർദ്ദകരമായ സാഹചര്യങ്ങളിലും ചെലവഴിക്കേണ്ടി വരുന്നത് ബഹിരാകാശയാത്രികരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഇത് വിഷാദം, ഉത്കണ്‌ഠ മുതലായവയ്‌ക്ക് കാരണമായേക്കാം. പെട്ടന്ന് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്കുള്ള പരിവർത്തനം ഉൾക്കൊള്ളാനായെന്ന് വരില്ല. ഇവർക്ക് മാനസിക പിന്തുണയും കൗൺസിലിങും ആവശ്യമാണ്.
രോഗപ്രതിരോധശേഷി കുറവ്:
ബഹിരാകാശയാത്രികരുടെ വെളുത്ത രക്താണുക്കളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നതിനാൽ രോഗപ്രതിരോധശേഷി കുറയാൻ സാധ്യതയുണ്ട്.
നടക്കുന്നതിനും ഭാരമെടുക്കുന്നതിനും പ്രയാസം:
ദീർഘകാലമായി ബഹിരാകാശത്ത് കഴിഞ്ഞവരുടെ കാൽപ്പാദം അടർന്ന് കുട്ടികളേതിന് സമാനമായ മൃദുലമായ ചർമ്മമായി മാറും. ഇത് കാരണം ഇവർക്ക് നടക്കുമ്പോൾ പ്രയാസം നേരിടും. കുഞ്ഞുങ്ങൾ നടക്കുന്ന പോലെയാകും ഇവരുടെ നടത്തം. പിന്നീട് ഭൂമിയിലെത്തിയാൽ കാൽപ്പാദത്തിലെ ചർമ്മം പഴയ പോലെയാവാൻ ആഴ്‌ചയോ മാസങ്ങളോ എടുക്കാം. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭാരമെടുക്കുന്നതിനും പ്രയാസം അനുഭവപ്പെടും.
സുനിത വില്യംസിന്‍റെ ശമ്പളം: ബഹിരാകാശത്തെ ജീവിതം അത്യധികം സങ്കീർണതകൾ നിറഞ്ഞതായതിനാൽ തന്നെ ബഹിരാകാശ സഞ്ചാരികളുടെ ശമ്പള സ്‌കെയിലും അതിനനുസരിച്ചാവും. നാസയുടെ ബഹിരാകാശ യാത്രികർക്ക് GS12 മുതൽ GS15 വരെയുള്ള ഗ്രേഡിലാണ് ശമ്പളം നൽകുന്നത്.
പരിചയ സമ്പന്നരായ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ശമ്പളം GS15 ഗ്രേഡിലാണ് വരുന്നത്. GS15 ഗ്രേഡിലുള്ളവരുടെ വാർഷിക ശമ്പളം ഇന്ത്യൻ രൂപയിൽ ഏകദേശം 1.08 കോടി മുതൽ 1.41 കോടി വരെയാണ്. ബഹിരാകാശ നിലയത്തിൽ 9 മാസത്തിലധികം ചെലവഴിച്ചതിന്, ഇരുവരും ഏകദേശം 81 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെ നേടിയിട്ടുണ്ടാകാം. മറ്റ് തുകകളും ചേർത്ത് ഇവർക്ക് ഏകദേശം 81 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെ ലഭിച്ചിട്ടുണ്ടാകാം.