കേന്ദ്ര ബജറ്റ് ഇന്ന്: ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് രാജ്യം, കേരളവും കാത്തിരിക്കുന്നു
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. രാവിലെ 11 മണിയോടെയാണ് ബജറ്റ് അവതരണം. സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്
നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതിയില്ല. ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.
വീണ്ടും ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിർമല സീതാരാമൻ മറ്റൊരു റെക്കോർഡും കുറിക്കും. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമല സീതാരാമൻ മാറും. രണ്ട് ഇടക്കാല ബജറ്റുകൾ ഉൾപ്പെടെയാണിത്
കേരളവും പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, മനുഷ്യ-വന്യ ജീവിത സംഘർഷ പരിഹാരം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവക്ക് പ്രത്യേക പാക്കേജുകളുണ്ടാകുമെന്ന പ്രതീക്ഷ കേരളത്തിനുണ്ട്.