ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നഡ്ഡ; കേരളത്തിന് കുടിശ്ശിക നൽകാനില്ല

ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. രാജ്യസഭയിൽ സിപിഎം അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിന് തുകയൊന്നും നൽകാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും രാജ്യസഭയിൽ മന്ത്രി പറഞ്ഞു
ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോ എന്നാണ് സന്തോഷ് കുമാർ ചോദിച്ചത്. എന്നാൽ ആശ വർക്കർമാരുടെ കഠിനധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് ജെപി നഡ്ഡ പറഞ്ഞു. എൻഎച്ച്എം യോഗം കഴിഞ്ഞാഴ്ച ചേർന്നിരുന്നു. ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
കേരളത്തിന് എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ട്. എന്നാൽ വിനിയോഗത്തിന്റെ വിശദാംശങ്ങൾ കേരളം നൽകിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ജെപി നഡ്ഡ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് സന്തോഷ് കുമാർ പറഞ്ഞു. നഡ്ഡക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകും. 2023-24 വർഷത്തേക്ക് 100 കോടി കേരളത്തിന് കിട്ടാനുണ്ടെന്നും സന്തോഷ് കുമാർ പറഞ്ഞു.