വയനാട് പുനരധിവാസം നിർമാണ ചുമതല ഊരാളുങ്കലിന്; മേൽനോട്ടം കിഫ്‌കോണിന്
വയനാട് പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന ടൗൺഷിപ്പിന്റെ നിർമാണ ചുമതല ഊരാളുങ്കലിന് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിഫ്‌കോണിനായിരിക്കും നിർമാണ മേൽനോട്ടം. രണ്ട് ടൗൺഷിപ്പുകൾ നിർമിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്
ആയിരം ചതുരശ്ര അടിയിൽ ഒറ്റ നിലയുള്ള വീടുകളാണ് നിർമിക്കുക. 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. താമസക്കാർക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിർമാണം
നിർമാണം ആരംഭിച്ചാൽ സമയബന്ധിതമായി പൂർത്തിയാക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. പുനരധിവാസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി തുടങ്ങി. 50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തവരുമായാണ് ഇന്ന് കൂടിക്കാഴ്ച നടത്തിയത്.