Kerala

മണപ്പുറം ഫിനാൻസിനെ ഏറ്റെടുക്കാൻ യുഎസ് കമ്പനി

കൊച്ചി: മണപ്പുറം ഫിനാൻസ് ലിമിറ്റഡിനെ യുഎസ് ഇക്വിറ്റി കമ്പനിയായ ബെയിൻ ക്യാപ്പിറ്റൽ ഏറ്റെടുക്കാൻ ധാരണയായതായി റിപ്പോർട്ട്. ഒരു ബില്യൺ ഡോളറിനാണ് (87,37,90,00,000 രൂപ) കരാർ ആയതെന്നാണ് സൂചന. അന്തിമ തീരുമാനമായിട്ടില്ല. പ്രിഫറൻഷ്യൽ അലോട്മെന്‍റ് ‌ പ്രകാരം തുക നിക്ഷേപിച്ച് ഭൂരിപക്ഷ ഓഹരികൾ വാങ്ങാനാണ് യുഎസ് കമ്പനിയുടെ നീക്കം. മൂന്നു മാസമായി ചർച്ചകൾ തുടരുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പാക്കമ്പനിയാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണപ്പുറം ഫിനാൻസ്. ബെയിൻ ഏറ്റെടുത്തേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ മണപ്പുറത്തിന്‍റെ ഓഹരി വില ഉയർന്നു.

17,344 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. മണപ്പുറത്തിന്‍റെ ഉപകമ്പനിയായ ആശിർവാദ് മൈക്രോഫിൻസിനു മേലുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഒഴിവാക്കിയതും മണപ്പുറത്തിന് സഹായകമായി. കരാർ നടപ്പിലായാൽ നിലവിലുള്ള ഓഹരി വിലയേക്കാൾ 20 ശതമാനത്തിലേറെ പ്രീമിയം തുക നൽകി യുഎസ് കമ്പനി മണപ്പുറത്തിന്‍റെ ഭൂരിപക്ഷം ഓഹരികളും നേടിയേക്കും. എങ്കിലും കമ്പനിയുടെ സിഇഒ പദവിയിൽ മാറ്റം വന്നേക്കില്ല.

നിലവിൽ സിഇഒയും മാനേജിങ് ഡയറക്റ്ററുമായ വി.പി. നന്ദകുമാർ തന്നെ പദവിയിൽ തുടർന്നേക്കും. 1949ലാണ് തൃശൂർ സ്വദേശിയായ വി.സി. പത്മനാഭൻ മണപ്പുറം ഫിനാൻസ് ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ മരണ ശേഷം നെടുങ്ങാടി ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന മകൻ വി.പി. നന്ദകുമാർ സ്ഥാപനത്തിന്‍റെ തലപ്പത്തെത്തി. നിലവിൽ കമ്പനിയുടെ 35.25 ശതമാനവും നന്ദകുമാറിന്‍റെയും കുടുംബത്തിന്‍റെയും പേരിലാണ്.

Related Articles

Back to top button
error: Content is protected !!