പുടിനെ പ്രോത്സാഹിപ്പിക്കുന്നത് യുഎസ്സിന്റെ നിശബ്ദത: റഷ്യൻ വ്യോമാക്രമണത്തിന് പിന്നാലെ സെലെൻസ്കി

റഷ്യ യുക്രൈനിന് നേരെ റെക്കോർഡ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയുടെ “നിശബ്ദത” പുടിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ആരോപിച്ചു. യുക്രൈനിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
“റഷ്യൻ നേതൃത്വത്തിനുമേൽ ശക്തമായ സമ്മർദം ചെലുത്താതെ ഈ ക്രൂരത അവസാനിപ്പിക്കാൻ കഴിയില്ല,” സെലെൻസ്കി പറഞ്ഞു. “അമേരിക്കയുടെ നിശബ്ദത പുടിനെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ.” ഉപരോധങ്ങൾ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ തീർച്ചയായും സഹായിക്കുമെന്നും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ലോകമെമ്പാടും സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും ദൃഢനിശ്ചയമാണ് ഇപ്പോൾ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ഈ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. കീവ്, ഖാർകിവ്, മൈക്കോലൈവ്, ടെർനോപിൽ, ഖ്മെൽനിറ്റ്സ്കി എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. യുക്രൈൻ വ്യോമസേന 266 ഡ്രോണുകളും 45 മിസൈലുകളും വെടിവെച്ച് വീഴ്ത്തിയെങ്കിലും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
നേരത്തെ, തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഇത്തരമൊരു വലിയ വ്യോമാക്രമണം നടത്തിയത്. 2022 ഫെബ്രുവരി മുതലാണ് റഷ്യ യുക്രൈനിൽ ആക്രമണം ആരംഭിച്ചത്. നിലവിൽ യുക്രൈനിന്റെ ഭൂപ്രദേശത്തിന്റെ 20 ശതമാനവും റഷ്യൻ നിയന്ത്രണത്തിലാണ്.