
2025 മാര്‍ച്ച് 7 വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ട് ഒരു ഉച്ചകോടി നടന്നു. അത് ആദ്യത്തെ ക്രിപ്റ്റോകറന്‍സി ഉച്ചകോടി ആയിരുന്നു. അതിലൂടെ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു നീക്കം നടത്തിയിരിക്കുകയാണ്.
ആഗോളതലത്തില്‍ ഡിജിറ്റല്‍ ആസ്തികളുടെ (digital assets) വിപണിയെ നയിക്കാന്‍ അമെരിക്ക ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉച്ചകോടിയെന്നു സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.
സ്ട്രാറ്റജിക് ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കാനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് 2025 മാര്‍ച്ച് 6ന് ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു വൈറ്റ് ഹൗസില്‍ ഉച്ചകോടി സംഘടിപ്പിച്ചത്.
വൈറ്റ് ഹൗസിലെ സ്റ്റേറ്റ് ഡൈനിങ് റൂമില്‍ നടത്തിയ പരിപാടിയില്‍ മൈക്രോ സ്ട്രാറ്റജി സിഇഒ മൈക്കല്‍ സെയ്‌ലര്‍, കോയിന്‍ബേസ് സഹസ്ഥാപകനും സിഇഒയുമായ ബ്രയാന്‍ ആംസ്‌ട്രോങ്, നിക്ഷേപകരായ കാമറൂണ്‍, ടൈലര്‍ വിങ്ക്‌ലെ വോസ്, സംരംഭകനായ ഡേവിഡ് ബെയ്‌ലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ട്രംപിന്‍റെ സ്വന്തം ക്രിപ്‌റ്റോ ബിസിനസായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്‍റെ സ്ഥാപകരിലൊരാളായ സാക്ക് വിറ്റേകാഫും സന്നിഹിതനായിരുന്നു
സ്ട്രാറ്റജിക് ബിറ്റ്‌കോയിന്‍ റിസര്‍വ്
US eyes cryptocurrency control
യുഎസ് സ്ട്രാറ്റജിക് ക്രിപ്റ്റോ അഥവാ ബിറ്റ്‌കോയിന്‍ റിസര്‍വ് എന്നത് സര്‍ക്കാര്‍ നിയന്ത്രിത ഫണ്ടിനുള്ളില്‍ ബിറ്റ്കോയിന്‍ അല്ലെങ്കില്‍ എതെറിയം പോലുള്ള ക്രിപ്റ്റോകറന്‍സികളുടെ ഒരു കരുതല്‍ ശേഖരം സൃഷ്ടിക്കുന്ന ആശയമാണ്.
സ്വര്‍ണം, ഡോളര്‍ എന്നിവ പോലെയുള്ള കരുതല്‍ ശേഖരം സൂക്ഷിക്കുന്നതു പോലെ തന്നെയായിരിക്കും ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കുന്നതിലൂടെ ചെയ്യുന്നത്.
ഈ റിസര്‍വ് പണപ്പെരുപ്പത്തിനെതിരേ ഒരു സംരക്ഷണമായി പ്രവര്‍ത്തിക്കുമെന്നും കണക്കാക്കുന്നു. ഇതൊക്കെയാണെങ്കിലും യുഎസില്‍ ബിറ്റ്‌കോയിന്‍ റിസര്‍വ് ഇതുവരെ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ല. അതിനുള്ള ശ്രമമാണ് ട്രംപ് നടത്തിവരുന്നത്. അമെരിക്കക്കായി സ്ട്രാറ്റജിക് ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത് 2025 മാര്‍ച്ച് 2 ന് ട്രൂത്ത് എന്ന സോഷ്യല്‍ മീഡയയിലൂടെയാണ്.
തുടര്‍ന്ന് ട്രൂത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബിറ്റ്‌കോയിനും, എതെറിയവും ബിറ്റ്‌കോയിന്‍ റിസര്‍വില്‍ ഉള്‍പ്പെടുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ബിറ്റ്‌കോയിന്‍റെ വില 78000 ഡോളറില്‍ നിന്ന് 94000 ഡോളറായി ഉയരുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ട്രംപിന്‍റെ ബിറ്റ്‌കോയിന്‍ റിസര്‍വില്‍ ബിറ്റ്‌കോയിന്‍ (BTC), എതെറിയം(ETH), റിപ്പിള്‍(X-RP), സൊലാന(SOL), കാര്‍ഡാനോ(ADA) എന്നിവയുണ്ടായകുമെന്നാണ് പറയപ്പെടുന്നത്. ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കാന്‍ നികുതിദായകരുടെ പണം ഉപയോഗിക്കില്ലെന്ന് ട്രംപിന്‍റെ ക്രിപ്‌റ്റോ കറന്‍സി ഉപദേഷ്ടാവ് ഡേവിഡ് സാക്‌സ് അറിയിക്കുകയും ചെയ്തിരുന്നു.
യുഎസ് ഭരണകൂടത്തിന്‍റെ കൈവശം രണ്ട് ലക്ഷത്തോളം ബിറ്റ്‌കോയിനുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ ഭൂരിഭാഗവും ഹാക്കിംഗ്, മയക്ക്മരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍നിന്ന് പിടിച്ചെടുത്തവയാണ്. ട്രംപിന്‍റെ സ്ട്രാറ്റജിക് ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കുന്നതിനുള്ള അടിത്തറയായി ഇതിനെ ഉപയോഗപ്പെടുത്തുമെന്നും സൂചനയുണ്ട്.
ബിറ്റ്‌കോയിന്‍ മുന്നേറ്റം പ്രതീക്ഷിക്കാമോ?
സ്ട്രാറ്റജിക് ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം ക്രിപ്‌റ്റോകറന്‍സികളുടെ വില ഉയരാന്‍ കാരണമായി. ബിറ്റ്‌കോയിന്‍ 11 ശതമാനം ഉയര്‍ന്ന് 94,164 ഡോളറിലും, എതെറിയം 13 ശതമാനം ഉയര്‍ന്ന് 2,516 ഡോളറിലുമെത്തുകയുണ്ടായി.
ബിറ്റ്‌കോയിന്‍ താത്പര്യം
US eyes cryptocurrency control
ട്രംപിന് ബിറ്റ്‌കോയിനിനോട് താത്പര്യം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. 2024 ജൂലൈയില്‍ യുഎസിലെ നാഷ് വില്ലില്‍ നടന്ന ബിറ്റ്‌കോയിന്‍ കോണ്‍ഫറന്‍സില്‍ വച്ച് ഒരു സ്ട്രാറ്റജിക് നാഷണല്‍ ബിറ്റ്‌കോയിന്‍ റിസര്‍വ് സ്ഥാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി.
2024ല്‍ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ട്രംപ് രണ്ടാമതും മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രചാരണത്തെ ക്രിപ്‌റ്റോ വ്യവസായം വളരെയധികം പിന്തുണച്ചതിന്‍റെ ഒരു പ്രധാന കാരണവും ട്രംപിന്‍റെ ഈ ക്രിപ്‌റ്റോ അനുകൂല നിലപാടായിരുന്നു.
റിസര്‍വ് എന്ന നിലയില്‍ ക്രിപ്‌റ്റോകറന്‍സിയെ വിശ്വസിക്കാമോ?
ഓരോ രാജ്യത്തെയും കേന്ദ്ര ബാങ്ക് റിസര്‍വ് ആയി സ്വര്‍ണം, ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സി നോട്ടുകള്‍ ശേഖരിച്ചുവയ്ക്കാറുണ്ട്. അടിയന്തരാവസ്ഥ, സാമ്പത്തിക അസ്ഥിരത, മറ്റ് പ്രതിസന്ധികള്‍ എന്നിവയ്‌ക്കെതിരേ സംരക്ഷണം ഉറപ്പാക്കാനാണ് റിസര്‍വ് സൃഷ്ടിക്കുന്നത്.
മിക്ക രാജ്യങ്ങളിലും സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് (എസ്പിആര്‍), സ്ട്രാറ്റജിക് മിലിട്ടറി റിസര്‍വ് എന്നിവയുണ്ട്.
ഒരു ഭൗമരാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടാല്‍ ഇന്ധന വിലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനോ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനോ ഉപയോഗിക്കാനാണ് ഇത്തരത്തില്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യരക്ഷയ്ക്കുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഒരു ശേഖരമാണ് സ്ട്രാറ്റജിക് മിലിട്ടറി റിസര്‍വ്.
ഇത്തരത്തില്‍ ഒരു റിസര്‍വ് ക്രിപ്‌റ്റോകറന്‍സി ലോകത്ത് സൃഷ്ടിക്കുന്നത് രാജ്യത്തിനു ഗുണകരമാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമില്ലെന്നതാണു യാഥാര്‍ഥ്യം.
യുഎസ് ബിറ്റ്‌കോയിന്‍ റിസര്‍വ് സൃഷ്ടിക്കുകയാണെങ്കില്‍ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപകരുമൊക്കെ അവ കൈവശം വയ്ക്കാന്‍ തയാറാകും. നിലവില്‍ പല നിക്ഷേപകരും സ്ഥാപനങ്ങളും സംശയത്തോടെയാണ് കാണുന്നത്. ഈ സംശയം ഒഴിവായി കിട്ടാന്‍ വലിയ തോതില്‍ സഹായകരമാകും. എന്നാല്‍ ഒരു മാര്‍ക്കറ്റ് ക്രാഷ് അഥവാ വിപണി തകര്‍ച്ച ഉണ്ടായാല്‍ ബിറ്റ്‌കോയിന്‍ റിസര്‍വിന്‍റെ മൂല്യം അപ്രത്യക്ഷമാകുമെന്നതും ഇതിന്‍റെ ദോഷ വശങ്ങളിലൊന്നാണ്.
ഇന്ന് ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളും റിസര്‍വ് ആയി സൂക്ഷിക്കുന്നത് സ്വര്‍ണവും, ഡോളറുമാണ്. എന്നാല്‍ 2021ല്‍ എല്‍ സാല്‍വദോര്‍ എന്ന രാജ്യം ക്രിപ്‌റ്റോകറന്‍സിയുടെ ഒരു റിസര്‍വ് സൃഷ്ടിക്കുകയുണ്ടായി.
ബ്രസീല്‍, ജര്‍മനി, ഹോങ്കോംഗ്, പോളണ്ട്, റഷ്യ എന്നിവ ക്രിപ്റ്റോ കരുതല്‍ ശേഖരം സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ക്രിപ്റ്റോ കരുതല്‍ ശേഖരം സൃഷ്ടിക്കാനായി സ്വിറ്റ്സര്‍ലന്‍ഡും തയാറെടുക്കുകയാണ്.
ഇന്ത്യയുടെ കൈവശം 37 മില്യന്‍ ഡോളര്‍ മൂല്യം വരുന്ന 450 ബിറ്റ്‌കോയിന്‍ ഉണ്ടെന്നാണു കണക്കാക്കുന്നത്.