ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിൻമാറും; നിർണായക ഉത്തരവുകളിൽ ഒപ്പിട്ട് ട്രംപ്
അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരവുകളിൽ ഒപ്പ് വെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനൽ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു.
യുഎസിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ജന്മാവകാശം പൗരത്വം സംബന്ധിച്ച ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. കാപിറ്റോൾ ഹിൽ ആക്രമണത്തിൽ ഉൾപ്പെട്ട ഏകദേശം 1500 പേർക്ക് ട്രംപ് മാപ്പ് നൽകി. 2021ലെ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ നീതിന്യായ വകുപ്പിന് ട്രംപ് നിർദേശം നൽകി
ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറുന്നതാണ് മറ്റൊരു സുപ്രധാന ഉത്തരവ്. കൊവിഡിനെയും മറ്റ് ആരോഗ്യ പ്രതിസന്ധികളെയും ആരോഗ്യ ആരോഗ്യ ഏജൻസി തെറ്റായി കൈകാര്യം ചെയ്തുവെന്ന് പറഞ്ഞു കൊണ്ട് ഈ നീക്കമെന്ന് ഉത്തരവിൽ പറയുന്നു. പുതിയ വിദേശവികസന സഹായങ്ങളും താത്കാലികമായി നിർത്തി.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം അടച്ചുപൂട്ടാനിരുന്ന വീഡിയോ ആപ്പായ ടിക് ടോക്കിന്റെ നിരോധനം ട്രംപ് വൈകിപ്പിച്ചു. 75 ദിവസത്തേക്ക് കേസിൽ നടപടിയെടുക്കരുതെന്ന് അറ്റോർണി ജനറലിനോട് ട്രംപ് ഉത്തരവിട്ടു.