ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ ക്യാമറ; കെ എസ് ആര്‍ ടി സിയില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുമെന്ന് മന്ത്രി ഗണേഷ് കുമാര്‍
മുഴുവന്‍ ബസുകളും എ സിയാക്കും

കെ എസ് ആര്‍ ടി സി ടി സിലെ ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിംഗ് നിരീക്ഷക്കാനും ഉറക്കം പിടിക്കാനും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ഫോണില്‍ സംസാരിച്ചുകൊണ്ട് വയനാട് ചുരത്തില്‍ ഡ്രൈവ് ചെയ്ത സംഭവവും ഉറങ്ങിക്കൊണ്ട് വാഹനം ഓടിക്കുന്ന സംഭവവും റിപോര്‍ട്ട് ചെയ്തതോടെയാണ് മന്ത്രിയുടെ പ്രസ്താവന. കെ എസ് ആര്‍ ടി സിയില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്.
എല്ലാ കെഎസ്ആര്‍ടിസി ബസുകളും എസി, ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തിയതി ശമ്പളം, കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്.
ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കും. പാലക്കാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ 35 എസി, സെമി സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്. അതില്‍ നിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി ചെന്നൈയിലേക്കും സര്‍വീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സര്‍വീസ് നിര്‍ത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സര്‍വീസ് പുനരാരംഭിക്കും. അദ്ദേഹം പറഞ്ഞു.