ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റം ആരോഗ്യമേഖലക്ക് തിരിച്ചടിയാകും; അമേരിക്കക്കും വിനയാകും
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റം ലോകത്തെ ആരോഗ്യമേഖലയെ അരക്ഷിതാവസ്ഥയിലെത്തിക്കുമെന്ന് ആശങ്ക. ഇത് അമേരിക്കക്ക് തന്നെ വിനയായേക്കുമെന്ന വിലയിരുത്തലുമുണ്ട്. ക്ഷയം, മലമ്പനി, എച്ച്ഐവി എന്നിവ പ്രതിരോധിച്ച് നിർത്തിയിരിക്കുന്നതിൽ യുഎസ് കാര്യമായി പിന്തുണക്കുന്ന ഗ്ലോബൽ ഫണ്ടിന് വലിയ റോളുണ്ട്. പക്ഷേ ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറുന്നതും ഫണ്ടിംഗ് നിർത്തുന്നതും ഭവിഷ്യത്ത് ഉണ്ടാക്കുമെന്നത് ഉറപ്പാണ്
സാംക്രമിക രോഗങ്ങൾ ഏതെങ്കിലുമൊരു രാജ്യത്തിന്റെ അതിർത്തിയിൽ വെച്ച് തടയനാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ കാണുന്ന ക്ഷയരോഗത്തിന്റെ 80, 90 ശതമാനവും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ എത്തിച്ചതാണ്. അമേരിക്കയിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു പങ്ക് ചൈന, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നാണ്. ഇവിടെയെല്ലാം സാംക്രമിക രോഗങ്ങളുണ്ട്. മറ്റ് രാജ്യങ്ങൾക്കുള്ള ഫണ്ടിംഗ് അവസാനിപ്പിക്കുന്നത് യുഎസിനെ ബാധിക്കുമെന്ന് പറയാനുള്ള കാരണവുമിതാണ്
മറ്റ് രാജ്യങ്ങളിലെ തൊഴിലാളികൾ ഇല്ലാതെ അമേരിക്കക്ക് മുന്നോട്ടു പോകാനാകില്ല. ആരോഗ്യമേഖലയിലെ യുഎസ് സഹായം ഇല്ലാതാകുന്നത് മറ്റ് രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യക്ക് വെല്ലുവിളി അല്ലെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളുടെ സ്ഥിതി ആശങ്കയിലാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കുള്ള യുഎസ് സഹായം നിലച്ചാൽ ആരോഗ്യമേഖല തകിടം മറിയും. ലോകാരോഗ്യസംഘടനയുടെ ആകെ ബജറ്റിന്റെ 18 ശതമാനവും നൽകുന്നത് അമേരിക്കയാണ്.