ഉത്തരകാശി മിന്നൽപ്രളയം: നാല് മരണം, അറുപതിലധികം പേരെ കാണാതായി, സൈന്യം സ്ഥലത്ത്

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ നാല് പേർ മരിച്ചതായി അധികൃതർ. 20 പേരെ രക്ഷപ്പെടുത്തി. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാദൗത്യം തുടരുകയാണ്. സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഘീർഗംഗ നദി കരകവിഞ്ഞ് അതിവേഗതയിൽ കുത്തിയൊലിച്ചതോടെ 60ലധികം പേരെ കാണാതായെന്നാണ് റിപ്പോർട്ട്
മൂന്ന് ഐടിബിപി സംഘത്തെയും നാല് എൻഡിആർഎഫ് സംഘത്തെയും അപകടസ്ഥലത്തേക്ക് അയച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 150 കരസേനാംഗങ്ങളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിന് രണ്ട് സംഘങ്ങൾ സജ്ജമാണ്
വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന സ്ഥലമായതിനാൽ ഹോംസ്‌റ്റേകളും ഹോട്ടലുകളും ഉള്ള മേഖലയാണിത്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതേസമയം സുഖി മേഖലയിൽ വീണ്ടും മേഘവിസ്‌ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്.