Uncategorized

വരും ജന്മം നിനക്കായ്: ഭാഗം 48

രചന: ശിവ എസ് നായർ

വഷളൻ ചിരിയോടെ അവളെ പിന്നിലൂടെ കെട്ടിപ്പിടിക്കാനായി വന്നപ്പോഴാണ് അവന് വയറ്റിനൊരു വേദന തോന്നിയത്. അടിവയർ പൊത്തിപ്പിടിച്ച് കൊണ്ട് ശിവപ്രസാദ് ബാത്‌റൂമിലേക്ക് ഓടി.

അവന്റെ ഓട്ടം കണ്ടതും ഗായത്രിക്ക് ചിരി അടക്കാനായില്ല. അവന് അങ്ങനെ തന്നെ വേണമെന്ന് അവൾക്ക് തോന്നി.

ശിവപ്രസാദ് ബാത്‌റൂമിലേക്ക് കയറിയതും ഗായത്രി പെട്ടെന്ന് അലമാര തുറന്ന് രണ്ട് സ്ലീപ്പിങ് പിൽസ് കയ്യിലെടുത്തു വച്ചു. നാളെ അവനെ ഇത് കൊടുത്ത് ഉറക്കി കിടത്തണമെന്നായിരുന്നു അവളുടെ മനസ്സിൽ. ഇത്രയും കാലം തന്നെ ഉറക്കി കൊണ്ട് ഇരുന്നതല്ലേ ഇനി അവൻ കിടന്ന് ഉറങ്ങട്ടെ.

ഗായത്രിക്ക് ശിവപ്രസാദിനോട് അടങ്ങാത്ത പക തോന്നി.

ഉറക്ക ഗുളികകൾ രണ്ടും ഭദ്രമായി ബാഗിൽ വച്ചതിനു ശേഷം അവൾ ബെഡിൽ പോയി കിടന്നു.

ഏകദേശം അര മണിക്കൂറോളം കഴിഞ്ഞിട്ടാണ് ശിവപ്രസാദ് ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയത്. വയറു വേദന കൊണ്ട് അവന് നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു.

“എന്ത് പറ്റി ശിവേട്ടാ? നമുക്ക് കിടക്കണ്ടേ?” ഗായത്രി അവനെ കണ്ടതും ചോദിച്ചു.

“താൻ കിടന്നോ… എനിക്ക് വയറിനു നല്ല സുഖമില്ല.” വേദനയാൽ അവൻ വയറ്റിൽ കയ്യമർത്തി.

“വയറിനു എന്താ? വേദനയുണ്ടോ?” ഗായത്രി എഴുന്നേറ്റ് അവന്റെ അടുത്ത് വന്നു.

“വയറ്റിളക്കവും അടിവയറിന് നല്ല വേദനയും ഉണ്ട്. എന്താണെന്ന് അറിയില്ല. ഇപ്പോ കഴിച്ചത് വയറ്റിൽ പിടിച്ചില്ലെന്ന് തോന്നുന്നു.”

“അമ്മയും ഞാനും കഴിച്ചത് തന്നെയാണല്ലോ ശിവേട്ടനും കഴിച്ചത്. ഞങ്ങൾക്കൊരു കുഴപ്പവുമില്ലല്ലോ. ശിവേട്ടൻ പുറത്ത് നിന്ന് എന്തെങ്കിലും കഴിച്ചോ?”

“ഉച്ചയ്ക്കുള്ള ഫുഡ് ജി എമ്മിന്റെ കൂടെ പുറത്ത് നിന്നാ കഴിച്ചത്. ചിലപ്പോൾ അതിന്റെയാകും.” ഗായത്രി പറഞ്ഞത് അവനും ശരി വച്ചു.

“ഇവിടെ ഇങ്ങനെ നിൽക്കാതെ വന്ന് കിടക്ക്. കുറച്ചു നേരം കമഴ്ന്നു കിടന്ന് നോക്ക്. വേദന കുറയും.” ഗായത്രി സഹതാപം ഭാവിച്ച് പറഞ്ഞു.

“വേണ്ട… ഞാൻ ബാൽക്കണിയിൽ ഇരുന്നോളാം. കുറച്ചു വർക്ക്‌ ഉണ്ട് ചെയ്യാൻ.” തന്റെ നിസ്സഹായവസ്ഥ അവളെ അറിയിക്കാൻ അവന് മനസ്സ് വന്നില്ല.

“നല്ല പെയിൻ ഉണ്ടെങ്കിൽ വേദനയ്ക്കുള്ള ടാബ്ലറ്റ് കഴിച്ചൂടെ.”

“ടാബ്ലറ്റ് ഒക്കെ എന്റെ കയ്യിലുണ്ട്. ഗായു പോയി കിടന്നോ. രാവിലെ കോളേജിൽ പോണ്ടേ.”

“മ്മ്മ്… എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണേ.”

“ഞാൻ വിളിച്ചോളാം.” വേദന കടിച്ചമർത്തി അവൻ ബാൽക്കണിയിലേക്ക് നടന്നു. അവിടെയുള്ള ചാരു കസേരയിലേക്ക് പോയി വീഴുന്നത് പോലെയാണ് അവൻ കിടന്നത്.

ഗായത്രിക്കൊപ്പം കട്ടിലിൽ കിടക്കുമ്പോ അറിയാതെ എങ്ങാനും മോഷൻ പോയാൽ ആകെ നാണക്കേട് ആവും. അതുകൊണ്ടാണ് അവിടെ കിടക്കാതെ അവൻ ഇവിടെ വന്ന് കിടന്നത്.

ശിവപ്രസാദിന്റെ അവസ്ഥ കണ്ട് ഗായത്രി മനസ്സിൽ സന്തോഷിച്ചു. ഇടയ്ക്കിടെ അവൻ ബാത്‌റൂമിൽ പോയും വന്നും ഇരുന്നു.

രണ്ട് മൂന്ന് തവണ അവനെ ബോധിപ്പിക്കാൻ എന്നോണം അവൾ അവന്റെ അരികിൽ വന്നിരുന്ന് ആശ്വസിപ്പിച്ചു.

“ശിവേട്ടാ… ഒട്ടും വയ്യെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഇങ്ങനെ വേദന സഹിച്ചു കിടക്കണോ.”

“ഒന്നും വേണ്ട ഗായു… വയറ്റിലുള്ളതൊക്കെ പോയി കഴിയുമ്പോ ഇതങ്ങു മാറും. ഇപ്പോ വേദനയ്ക്ക് കുറച്ചു കുറവുണ്ട്.”

“എങ്കിൽ എഴുന്നേറ്റ് വന്ന് അവിടെ കിടക്ക്. ഇവിടെ കിടക്കണ്ട. വർക്ക്‌ ബാക്കിയുള്ളത് നാളെ ചെയ്താൽ മതി.” ഗായത്രി അവന്റെ കൈകളിൽ തൊട്ടു.

“വേണ്ട ഗായു… നീ പോയി കിടക്ക്. നാളെ രാവിലെ ആയിട്ടും മാറിയിട്ടില്ലെങ്കി ഹോസ്പിറ്റലിൽ പോകാം. ഇപ്പോ എനിക്ക് സഹിക്കാവുന്ന പ്രശ്നമേയുള്ളൂ.”

“മ്മ്മ് ശരി… എന്തെങ്കിലും ഉണ്ടെങ്കി എന്നെ വിളിക്ക്.” ഗായത്രി പോയി കിടന്നു.

ആലിപ്പഴം പഴുത്തപ്പോ കാക്കയ്ക്ക് വായ് പുണ്ണ് എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തിൽ അനർഥ്വമായത് പോലെ അവന് തോന്നി.

ഇനി ഇത് സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ഹോസ്പിറ്റലിൽ പോകാമെന്നു വച്ചാൽ വണ്ടിയിൽ ഇരിക്കുമ്പോ ബാത്‌റൂമിൽ പോകാൻ തോന്നിയാൽ പെട്ട് പോകും.

ഒരു നെടുവീർപ്പോടെ ഉദിച്ചു നിൽക്കുന്ന നിൽക്കുന്ന ചന്ദ്രനെ നോക്കി ശിവപ്രസാദ് കസേരയിൽ മലർന്ന് കിടന്നു.

ആ രാത്രി ഗായത്രി സുഖമായി ഉറങ്ങി.

കുറെ തവണ വയറിളകി ഇളകി ക്ഷീണിച്ച് അവശനായ ശിവപ്രസാദ് ഒടുവിൽ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ സമയം വെളുപ്പിന് അഞ്ചു മണി കഴിഞ്ഞിരുന്നു. ഇനി മോഷൻ പോകില്ലെന്ന് സ്വയമൊരു ഉറപ്പ് തോന്നിയിട്ടാണ് അവൻ റൂമിൽ കയറി കിടന്നത് തന്നെ.

🍁🍁🍁🍁

ഗായത്രി ഉണർന്ന് നോക്കുമ്പോ ശിവപ്രസാദ് ബോധം കെട്ടപോലെ ഉറങ്ങുന്നുണ്ട്. അവനെ ഉണർത്താൻ നിൽക്കാതെ അവൾ തന്റെ ദിന ചര്യയിലേക്ക് കടന്നു.

ഗായത്രി കോളേജിലേക്ക് ഇറങ്ങുമ്പോഴും അവൻ നല്ല ഉറക്കത്തിലായിരുന്നു. അവൾ ബാഗും എടുത്ത് ബസ് സ്റ്റോപ്പിലേക്ക് നടന്നു. പോകുന്ന വഴിക്ക് അവൾ അഖിലിനെ വിളിച്ചു.

“ഹലോ… അഖിലേട്ടാ..”

“ഗായൂ… നീ സേഫ് അല്ലേ?” ഫോൺ എടുത്തപാടെ അവൻ അതാണ് ചോദിച്ചത്.

“ഞാൻ സേഫാ.”

“നീയിപ്പോ എവിടെയാ?”

“ബസ് സ്റ്റോപ്പിലേക്ക് നടക്കാ?”

“ശിവപ്രസാദിന് എന്തെങ്കിലും സംശയമുണ്ടോ?”

“അവന് എന്നെ ചെറിയ ഡൌട്ട് തോന്നിയിരുന്നു. ഞാൻ തന്നെ അതങ്ങ് മാറ്റി കൊടുത്തിട്ടുണ്ട്.” തലേന്ന് നടന്നതൊക്കെ ഗായത്രി വിശദീകരിച്ച് കൊടുത്തു.

“നീ സൂക്ഷിക്കണം ഗായു… ലാപ്പിലെ വീഡിയോസ് വീണ്ടെടുക്കാൻ പറ്റില്ലെന്ന് അറിയുമ്പോ ശിവപ്രസാദ് ചിലപ്പോൾ വീണ്ടും റൂമിൽ ക്യാമറ വയ്ക്കാൻ സാധ്യതയുണ്ട്. നീയൊന്ന് കരുതി ഇരുന്നോ? എന്നും വീട്ടിൽ പോയ ഉടനെ റൂമും ബാത്രൂം ഒക്കെ നോക്കണം. എവിടെയെങ്കിലും ക്യാമറ ഉണ്ടോന്ന്.”

“അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം. ഇനിയും ക്യാമറ വയ്ക്കാൻ ഞാൻ അവന് അവസരം കൊടുക്കില്ല. അതിന് മുൻപേ ഞാനവനെ പൂട്ടും.”

“നീ വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടക്കട്ടെ.”

“എങ്കിൽ ശരി അഖിലേട്ടാ… ഞാൻ പിന്നെ വിളിക്കാം ബസ് വരുന്നുണ്ട്.”

ഗായത്രി ഫോൺ കട്ട് ചെയ്ത് ബാഗിലേക്ക് ഇട്ടിട്ട് ബസ്സിനുള്ളിൽ തിക്കി തിരക്കി കയറിപ്പറ്റി.

 

🍁🍁🍁🍁🍁

ഫസ്റ്റ് പീരിയഡ് കഴിഞ്ഞുള്ള ഇന്റർവെൽ ടൈമിലാണ് അവൾ ശിവപ്രസാദിനെ വിളിച്ചു നോക്കിയത്.

റിങ് ചെയ്ത് തീരാറായപ്പോഴാണ് അവൻ ഫോൺ എടുത്തത്.

“ശിവേട്ടൻ ഇതുവരെ എഴുന്നേറ്റില്ലേ? വേദന മാറിയോ?” സ്വരത്തിൽ പരമാവധി സ്നേഹം ചാലിച്ചവൾ ചോദിച്ചു.

“ഇന്നലെ ഉറങ്ങിയപ്പോ നല്ല ലേറ്റായി ഗായു. താൻ വിളിച്ചത് കേട്ടാ ഉണർന്നത്. ഇപ്പോ എഴുന്നേറ്റപ്പോ വേദനയൊന്നും തോന്നുന്നില്ല ട്ടോ.”

“വയ്യാന്നു തോന്നുന്നെങ്കിൽ ഹോസ്പിറ്റലിൽ പൊയ്ക്കോ. ഞാൻ കൂടെ വരണമെങ്കിൽ വിളിച്ച മതി.”

“അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോ ഞാൻ ഓക്കേയാണ്.”

“എങ്കിൽ എഴുന്നേറ്റ് എന്തെങ്കിലും കഴിക്ക്.”

“മ്മ്മ് ശരി ഗായു… ലവ് യു…”

“എന്താ പതിവില്ലാത്ത ഒരു സ്നേഹം.”

“എനിക്ക് വയ്യാന്നു കണ്ടപ്പോൾ തന്നെ നീ എന്നെ വിളിച്ചു തിരക്കിയില്ലേ. അതുകൊണ്ട് നിന്നോട് കുറച്ചു സ്നേഹം കൂടുതൽ തോന്നിപ്പോയി.”

“കുട്ടികൾക്ക് സെമെസ്റ്റർ എക്സാം അടുത്ത് വരുന്നുണ്ട്. അതുകൊണ്ട് ലീവ് കിട്ടില്ല. അല്ലെങ്കിൽ ഞാൻ എങ്ങും പോകില്ലായിരുന്നു. വൈകുന്നേരം ഞാൻ നേരത്തെ വരാം.”

“ഓക്കേ ഡിയർ… തന്റെ ക്ലാസ്സ്‌ നടക്കട്ടെ.” ശിവപ്രസാദ് സംഭാഷണം അവസാനിപ്പിച്ച് കാൾ വച്ചു.

ഗായത്രി തന്റെ വഴിക്ക് വന്ന് തുടങ്ങിയെന്നും അവൾക്ക് തന്നോടുള്ള സ്നേഹം ഓരോ ദിവസം കഴിയുംതോറും കൂടുന്നുണ്ടെന്ന് അവന് തോന്നി.

വയറിളക്കം കാരണം തലേന്ന് രാത്രിയിലെ പ്ലാൻ ചീറ്റിപ്പോയി. ഇന്നിനി ഗായത്രിയെ മയക്കി കിടത്തിയിട്ട് ഒന്ന് ശ്രമിച്ചു നോക്കണം. അല്ലാതെ ചെയ്യാൻ വയ്യ… ഇപ്പോഴും ശരീരത്തിന്റെ ക്ഷീണം വിട്ട് മാറിയിട്ടില്ല.

ഓരോന്നോർത്ത് ശിവപ്രസാദ് അങ്ങനെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു അവൻ എഴുന്നേറ്റു പോയി മുഖം കഴുകി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വന്നിട്ട് ഓഫീസ് വർക്കിലേക്ക് കടന്നു.

🍁🍁🍁🍁🍁

അന്ന് വൈകുന്നേരം ഊർമിള അടുക്കളയിൽ ചായയ്ക്കുള്ള വെള്ളം വയ്ക്കുമ്പോൾ തന്നെ ശിവപ്രസാദ് അവിടെയൊക്കെ ചുറ്റി തിരിഞ്ഞു നടന്നു.

തക്കം കിട്ടിയാൽ ഉറക്ക ഗുളിക പൊടിച്ചത് ഗായത്രിയുടെ ചായയിൽ കലർത്താനായിരുന്നു അവന്റെ പ്ലാൻ……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button