എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ടുകൾ; ആകെ വെട്ടിയത് 10 സെക്കൻഡ് മാത്രം

എമ്പുരാൻ സിനിമയെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ സെൻസർ ബോർഡ് വിവരങ്ങൾ പുറത്ത്. സിനിമക്ക് രണ്ട് കട്ടുകൾ മാത്രമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചത്. സ്ത്രീകൾക്കെതിരായ അക്രമദൃശ്യത്തിന്റെ ദൈർഘ്യം ആറ് സെക്കൻഡ് കുറച്ചു. ദേശീയ പതാകയെ കുറിച്ച് പരാമർശിക്കുന്ന നാല് സെക്കൻഡ് വെട്ടി മാറ്റിയെങ്കിലും പകരം നാല് സെക്കൻഡ് കൂട്ടിച്ചേർത്തു
179 മിനിറ്റ് 52 സെക്കൻഡാണ് സിനിമയുടെ ആകെ ദൈർഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സിബിഎഫ്‌സി എമ്പുരാൻ സിനിമ സെൻസർ ചെയ്തിരിക്കുന്നത്. നേരത്തെ സിനിമയുടെ സെൻസറിംഗിൽ ബോർഡിലെ ആർഎസ്എസ് നോമിനേറ്റഡ് ആയ അംഗങ്ങൾക്ക് വീഴ്ച സംഭവിച്ചെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നിരുന്നു
സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിലെ വിമർശനം. അതേസമയം ചിത്രത്തിനെതിരെ പരസ്യ പ്രതികരണം വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശം.