വരും ജന്മം നിനക്കായ്: ഭാഗം 66
രചന: ശിവ എസ് നായർ
നീണ്ട കാത്തിരിപ്പിനൊടുവിൽ ഉച്ചയ്ക്കുശേഷം അവരുടെ കേസാണ് ആദ്യം വിളിച്ചത്. ഗായത്രിയും ശിവപ്രസാദും ജഡ്ജിക്ക് മുൻപിൽ ഹാജരായി.
“എന്റെ കക്ഷിയെ ഈ നിൽക്കുന്ന ഇവരുടെ ഭർത്താവ് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. ആദ്യത്തെ തവണയല്ല എന്റെ കക്ഷിയെ ഇയാൾ റേപ്പ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷമായി സ്വന്തം ഭാര്യയെ ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തി ഗായത്രിയുടെ ഭർത്താവ് അവരെ റേപ്പ് ചെയ്തിട്ടുണ്ട്. അതിന്റെ തെളിവ് കോടതിക്ക് മുമ്പിൽ ഹാജരാക്കിയിട്ടുമുണ്ട്.
പ്രതിയുടെ അലമാരയിൽ നിന്ന് കണ്ടെടുത്ത ഉറക്ക ഗുളികയുടെ ബാക്കി തെളിവായി കണ്ട് കിട്ടിയിട്ടുണ്ട്. അത് മാത്രമല്ല സ്വന്തം വീട്ടിലെ ബെഡ്‌റൂമിലും ബാത്‌റൂമിലും ഒളി ക്യാമറ വച്ച് ഭാര്യയുടെ നഗ്നത വീഡിയോ എടുത്ത് അത് വച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഗായത്രിയെ ക്രൂരമായി ഉപദ്രവിച്ചു അവശയാക്കിയത്.
ആയതിനാൽ പ്രതിയുടെ ജാമ്യം റദ്ധാക്കി അയാൾക്ക് അർഹിക്കുന്ന ശിക്ഷ നൽകി ജയിലിൽ അടയ്ക്കണമെന്ന് ഞാൻ കോടതി മുൻപാകെ താഴ്മയായി അപേക്ഷിക്കുന്നു. ഈ വിധി കൊണ്ട് ഒരു ആണും സ്വന്തം ഭാര്യയെ അവരുടെ സമ്മതമില്ലാതെ കേറി പിടിക്കാൻ ധൈര്യം തോന്നാത്ത രീതിയിലൊരു ശിക്ഷ തന്നെ കോടതി ശിവപ്രസാദിന് നൽകണമെന്ന് റിക്വസ്റ്റ് ചെയ്യുകയാണ്.”
ഗായത്രിയുടെ വക്കീൽ ജാനകി ദേവി കോടതി സമക്ഷം തന്റെ വാദം ഉന്നയിച്ചു.
അവർ പറഞ്ഞു കഴിഞ്ഞതും ശിവപ്രസാദിന്റെ വക്കീൽ ആന്റണി തന്റെ കക്ഷിയുടെ ഭാഗം പറയാനായി എഴുന്നേറ്റു.
“ഈ നിൽക്കുന്ന എന്റെ കക്ഷിക്ക് ഒരു തെറ്റ് പറ്റി പോയെന്ന് അയാൾ തന്നെ സമ്മതിച്ചു കഴിഞ്ഞതാണ്. ചെയ്ത് പോയ തെറ്റുകൾ ഓർത്ത് അയാൾ ഇപ്പോൾ ഒരുപാട് പശ്ചാത്തപിക്കുന്നുണ്ട്.
ഒരാൾ തന്റെ തെറ്റ് സ്വയം തിരിച്ചറിഞ്ഞു അതിൽ കുറ്റബോധം കൊള്ളുന്നത് തന്നെ വലിയ കാര്യമല്ലേ. മാത്രമല്ല അയാൾ ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കി ഒരു തവണ ശിവപ്രസാദ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ആ ആക്സിഡന്റ് ഓടെ എന്റെ കക്ഷിയുടെ ഓർമ്മയ്ക്ക് സാരമായ കേടും സംഭവിച്ചു. ഇടയ്ക്കിടെ ഭ്രാന്തന്മാരെ പോലെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്റെ കക്ഷിക്ക് കോടതി കടുത്ത ശിക്ഷ വിധിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് കണക്കിലെടുക്കുന്നത് നന്നായിരിക്കും. എന്റെ കക്ഷി ഇപ്പോ ഫിസിക്കലി മെന്റലി സ്റ്റേബിൾ അല്ല.”
ആന്റണി പറഞ്ഞ് കഴിഞ്ഞതും അയാളുടെ വിധിയെ ക്രോസ് ചെയ്യാനായി ഗായത്രിയുടെ വക്കീൽ ജാനകി ദേവി തന്റെ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു.
“ശിവപ്രസാദിന് മെന്റലി യാതൊരു പ്രശ്നവുമില്ല. ഇതൊക്കെ ഇയാളുടെ അഭിനയമാണ്. കഴിഞ്ഞ ഒരു വർഷം സ്വന്തം ഭാര്യക്ക് മുന്നിൽ തകർത്തഭിനയിച്ച വ്യക്തിയാണ് ഈ നിൽക്കുന്ന ശിവപ്രസാദ്. ഇയാളുടെ അഭിനയത്തിന് മുന്നിൽ കോടതി പറ്റിക്കപ്പെടരുത്. ശിവപ്രസാദിന് ഭ്രാന്ത് ഉണ്ടെന്ന് അയാൾ സ്വയം വരുത്തി തീർക്കാൻ ശ്രമിക്കുന്നതാണ്. അതും ശിക്ഷയിൽ നിന്ന് ഇളവ് കിട്ടാൻ വേണ്ടിയിട്ടാണ് ഇതെല്ലാം കാണിക്കുന്നത്.
ഈ നിൽക്കുന്ന പ്രതി എന്റെ കക്ഷിയോട് കാണിച്ച ക്രൂരതകളും മറ്റും കോടതി സൂക്ഷ്മമായി തന്നെ വിലയിരുത്തണം. ഇയാള് തന്നെയാണ് സ്വന്തം ബെഡ്റൂമിൽ ക്യാമറ വച്ച് അവരുടെ മുറിയിൽ നടക്കുന്ന കാര്യങ്ങളൊക്കെ റെക്കോർഡ് ചെയ്തത്. അത് കണ്ടാൽ തന്നെ അറിയാം ഇയാൾ അപ്പോൾ ഗായത്രി യോട് കാണിക്കുന്ന സ്വഭാവവും പിന്നീട് റേപ്പ് നടന്ന ദിവസം കാണിച്ച സ്വഭാവവും. സ്വന്തം ഭാര്യയോട് സ്നേഹമുള്ള ഒരാളും ഇങ്ങനെയൊന്നും കാണിക്കില്ല.
അത് കൊണ്ട് തന്നെ എന്റെ കക്ഷിയോട് ഇയാൾ ചെയ്ത ക്രൂരതയ്ക്ക് തക്ക ശിക്ഷ തന്നെ കോടതി നൽകണം. ഇനി ഒരു പെണ്ണിനും ഗായത്രിയുടെ അവസ്ഥ ഉണ്ടാവരുത്.
ശിവപ്രസാദിനെ ചികിത്സിക്കുന്ന ഒരു ഡോക്ടറും അയാൾക്ക് ഭ്രാന്ത് ഉണ്ടെന്ന് പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. ആക്സിഡന്റിന്റെ ഷോക്കിൽ ഇയാൾക്ക് ഓർമ്മപിശക്ക് സംഭവിച്ചത് ആകാനേ വഴിയുള്ളൂ എന്നാണ് ഇയാളെ ചികിത്സിച്ച ഡോക്ടർമാരൊക്കെ പറയുന്നത്.
ഒരു ഡോക്ടർമാരും അങ്ങനെ ഉറപ്പു പറയാത്ത സ്ഥിതിക്ക് ഇയാൾ സ്വയം താനൊരു ഭ്രാന്തനാണെന്ന് വിളിച്ചു പറഞ്ഞു നടക്കുന്നത് എങ്ങനെ വിശ്വസിക്കാൻ കഴിയും. ഒരു ഭ്രാന്തനും തനിക്ക് ഭ്രാന്ത് ഉണ്ടെന്നു പറയില്ല. കോടതി ഇയാളെ വെറുതെ വിട്ടാൽ അയാൾ പിന്നെയും എല്ലാവർക്കും മുന്നിൽ താൻ നിരപരാധിയാണ് എന്ന് സ്ഥാപിച്ച് മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ച് അവളുടെ ജീവിതം ഇതുപോലെ നരക തുല്യമാക്കും. ഒരു കാരണവശാലും അങ്ങനെ സംഭവിക്കാൻ പാടില്ല. എന്റെ കക്ഷിക്ക് നീതി കിട്ടണം മേടം.”
ജഡ്ജി ഉമാമഹേശ്വരയെ നോക്കി വിനീതമായി പറഞ്ഞു കൊണ്ട് ജാനകി തന്റെ സീറ്റിലേക്ക് മടങ്ങി.
“കോടതി മുമ്പാകെ, ഞാൻ എന്റെ കക്ഷിക്ക് ഭ്രാന്ത് ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ഇയാളും താൻ ഭ്രാന്തനാണെന്ന് വിളിച്ചു പറഞ്ഞു നടക്കുന്നില്ല. താൻ ചെയ്ത തെറ്റുകൾ ഓർത്ത് ഇയാൾ ചില സമയത്ത് സമനില കൈവിട്ട് ഒരു ഭ്രാന്തനെ പോലെ പെരുമാറാറുണ്ട് എന്നാണ് ഞാൻ കോടതിക്ക് മുൻപിൽ സ്ഥാപിക്കാൻ ശ്രമിച്ചത്.
ശിവപ്രസാദ് ചെയ്തുപോയ തെറ്റുകൾ ഓർത്ത് അയാളിന്ന് ഒരുപാട് വിഷമിക്കുന്നുണ്ട്. അതിൽ കുറ്റബോധം കൊണ്ട് നീറി നീറിയാണ് എന്റെ കക്ഷി ഇന്ന് ജീവിക്കുന്നത് തന്നെ. പശ്ചാത്താപത്തേക്കാൾ ഏറ്റവും വലിയ പ്രായശ്ചിത്തം ഇല്ലെന്നല്ലേ പറയുന്നത്. കോടതി ശിക്ഷ വിധിക്കുന്നുതിന് മുൻപ് എന്റെ കക്ഷിയുടെ പ്രായവും മാനസികാരോഗ്യ നിലയും പരിഗണിക്കണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു. മനസ്സ് കൈവിട്ടു നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ഒരു വിധി കൊണ്ട് മുഴു ഭ്രാന്തനാക്കി മാറ്റരുത് എന്നാണ് എന്റെ റിക്വസ്റ്റ്. അയാൾക്ക് തെറ്റ് തിരുത്താൻ കോടതി അവസരം നൽകണം.”
ആന്റണി തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് തന്റെ സീറ്റിലേക്ക് വന്നിരുന്നു.
കോടതി മുഴുവനും ഒരു നിമിഷം നിശബ്ദതയിലാണ്ടു. ഇരു കൂട്ടരും പറഞ്ഞ വാദങ്ങൾ മുഴുവനും ഉമാമഹേശ്വരി ക്ഷമയോടെ കേട്ടിരുന്നു. അവരുടെ മുഖത്തെ തികഞ്ഞ ഗൗരവം കണ്ടിട്ട് ആർക്ക് അനുകൂലമായിട്ടായിരിക്കും വിധി വരുക എന്ന് ഒരാൾക്ക് പോലും ഊഹിക്കാൻ കഴിഞ്ഞില്ല. പക്ഷേ ജാനകിക്ക് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു.
ജഡ്ജിയുടെ മൗനം കണ്ട് ഇനി ഒരുപക്ഷേ മറ്റൊരു ദിവസത്തേക്ക് വിധി പറയാൻ മാറ്റിവയ്ക്കുമോ എന്നും ഗായത്രി ഓർത്തു. എന്ത് വിധി ആണെങ്കിലും അത് സ്വീകരിക്കാൻ അവളുടെ മനസ്സ് അപ്പോഴേക്കും പാകപ്പെട്ട് കഴിഞ്ഞിരുന്നു. താൻ ഉദ്ദേശിച്ച പോലെ ശിവപ്രസാദിനെ മൊത്തത്തിൽ നാറ്റിക്കാനും പോലീസ് സ്റ്റേഷനിൽ കയറ്റാനും കഴിഞ്ഞിട്ടുണ്ട്. ഇനി അവന് ശിക്ഷ കിട്ടുന്നത് തന്റെ ഭാഗ്യം പോലെ ഇരിക്കും എന്ന് മാത്രം ഗായത്രി ഓർത്തു. കൈയിലെ പണം കൊടുത്തു ശിവപ്രസാദ് കേസിൽ നിന്ന് രക്ഷപ്പെട്ടാലും തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഗായത്രിക്ക് അറിയാം.
അവസാന നിമിഷവും ശിവപ്രസാദ് തന്റെ പ്രതീക്ഷ കൈവിട്ടിരുന്നില്ല. എനിക്ക് കിട്ടുന്ന ശിക്ഷ എന്തെങ്കിലും ഇളവുകൾ ലഭിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു.
ഗായത്രി സമർപ്പിച്ച തെളിവുകളും ശിവപ്രസാദിന്റെ ആശുപത്രി രേഖകളുമൊക്കെ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തതിനു ശേഷം ഉമാ മഹേശ്വരി വിധി പറയാനായി തയ്യാറെടുത്തു.
” കഴിഞ്ഞ ഒരു വർഷമായി സ്വന്തം ഭാര്യയെ ഉറക്ക ഗുളിക കൊടുത്തു മയക്കി റേപ്പ് ചെയ്തത് ക്രിമിനൽ കുറ്റം തന്നെയാണ്. ഭാര്യയുടെ നഗ്നത കാണിച്ച് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചതും ക്ഷമിക്കാൻ കഴിയാത്ത തെറ്റ് തന്നെയാണ്. അതിൽ പ്രതി എത്ര കുറ്റബോധം കൊണ്ടിട്ടും ഒരു കാര്യവുമില്ല. അയാളുടെ ഉപദ്രവം ഏറ്റ സമയത്ത് ഭാര്യ അനുഭവിച്ച മാനസിക സംഘർഷവും ശരീര വേദനയും ഒന്നും ഒരിക്കലും മാറാൻ പോകുന്നില്ല. അതൊരു ട്രോമയായി പെൺകുട്ടിയുടെ മനസ്സിൽ എന്നും അവശേഷിക്കുക തന്നെ ചെയ്യും.
പിന്നെ സ്വന്തം തെറ്റിൽ കുറ്റബോധം തോന്നി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നത് കോടതിക്ക് കൺവിൻസിംഗ് അല്ല. ഇനിയൊരു പക്ഷേ അതൊരു ആത്മഹത്യ ശ്രമം തന്നെയാണെങ്കിലും അത് കുറ്റം തന്നെയാണ്. പ്രതി മാനസികമായി തളർന്ന് പോയെന്നും ഭ്രാന്തിന്റെ വക്കിലാണെന്നുമുള്ള അവകാശ വാദം കോടതിക്ക് വിശ്വാസയോഗ്യമല്ല. ഭാര്യയെ പറ്റിച്ചത് പോലെ കോടതിയെ പറ്റിക്കാനും ശ്രമിക്കുന്നതാണെന്ന് കോടതി സംശയിക്കുന്നുണ്ട്.
ശിവപ്രസാദ് ചെയ്ത കുറ്റം തെളിവുകൾ സഹിതം കോടതി മുൻപാകെ തെളിയിക്കപ്പെട്ടതിനാൽ പ്രതിയെ ഏഴുവർഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി ശിക്ഷ വിധിക്കുകയാണ്. ജയിലിൽ കിടക്കുമ്പോൾ പ്രതിക്ക് ഭ്രാന്ത് വരികയാണെങ്കിൽ അതിനുള്ള ചികിത്സ അപ്പോൾ അവസരോചിതമായി നൽകിയാൽ മതി.” അവസാന വാചകങ്ങൾ പറയുമ്പോൾ ജഡ്ജി ഉമാ മഹേശ്വരിയുടെ മുഖത്ത് ഒരു പരിഹാസ ചിരിയുണ്ടായിരുന്നു…….കാത്തിരിക്കൂ………