
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സ്വപ്‌നതുലമായ കുതിപ്പ് നടത്തുകയാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തതോടെ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി തന്നെയാണ് ടീം സെമി ഫൈനലിലേക്ക് മുന്നേറിയത്.
മിസ്റ്ററി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായത്. നാളെ നടക്കുന്ന ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഫോര്‍മാറ്റില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുന്ന ആദ്യ മത്സരമാണിത്.
അതിനാല്‍ തന്നെ സെമിയിൽ ഓസ്ട്രേലിയയെ നേരിടാൻ എന്തൊക്കെ പദ്ധതികളാണ് ഇന്ത്യ ആസൂത്രണം ചെയ്‌തിരിക്കുന്നത് എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഇക്കൂട്ടത്തില്‍ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് വരുണ്‍ ചക്രവര്‍ത്തി പ്ലേയിങ് ഇലവനില്‍ തുടരുമോയെന്നാണ്. ഇതു സംബന്ധിച്ച് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചത് ഇങ്ങനെ
നമ്മൾ നാല് സ്‌പിന്നർമാരെ കളിപ്പിക്കാൻ ആഗ്രഹിച്ചാലും, നാല് സ്‌പിന്നർമാരെ എങ്ങനെ ഉൾപ്പെടുത്താമെന്ന് നമ്മൾ ശരിക്കും ചിന്തിക്കേണ്ടതുണ്ട്”- എന്നായിരുന്നു രോഹിത്തിന്‍റെ വാക്കുകള്‍. ഇവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ് താന്‍ ഇതു പറയുന്നത്. എന്താണ് പ്രവർത്തിക്കുന്നത്, എന്താണ് പ്രവർത്തിക്കാത്തത് എന്ന് തങ്ങൾക്ക് കൃത്യമായി അറിയാമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
തന്‍റെ മികച്ച പ്രകടനത്തിലൂടെ ടീം തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റിന് വലിയ തലവേദനയാക്കാന്‍ വരുണിന് കഴിഞ്ഞുവെന്ന് സമ്മതിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ താരത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്‌തു. തന്‍റെ കഴിവ് എന്താണെന്ന് വരുണ്‍ കാണിച്ചുതന്നു. ലഭിച്ച അവസരത്തില്‍ ഏറെ മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടത് എന്താണോ അതാണ് അവന്‍ ചെയ്‌തത്. ഏറെ വ്യത്യസ്‌തതയുള്ള ബോളറാണ് വരുണ്‍. ഇനി, ആ കോമ്പിനേഷൻ എങ്ങനെ ശരിയായി നേടാമെന്ന് ചിന്തിക്കേണ്ടത് തങ്ങളാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. അതേസമയം നാളെ ഉച്ചയ്‌ക്ക് 2.30-ാണ് ഇന്ത്യ- ഓസ്‌ട്രേലിയ സെമി ഫൈനല്‍ നടക്കുക.