വേടനെതിരായ ആക്രമണം സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയം വ്യക്തമാക്കുന്നു: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: റാപ്പർ വേടനെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണങ്ങൾ അവരുടെ ദളിത് വിരുദ്ധ രാഷ്ട്രീയത്തെയും ചാതുർവർണ്യ മനോഭാവത്തെയും തുറന്നുകാട്ടുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മനുസ്മൃതിയിലധിഷ്ഠിതമായ സംഘപരിവാർ ആശയങ്ങളെ വേടന്റെ വരികൾ ചോദ്യം ചെയ്യുന്നതാണ് ഈ പ്രതികരണങ്ങൾക്ക് കാരണമെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.
കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന കലാകാരനാണ് ഹിരൺ മുരളി എന്ന വേടൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംഗീതത്തിൽ ഹിന്ദുത്വയുടെ ജാതി അസമത്വങ്ങൾക്കെതിരായ പ്രതിഷേധവും പോരാട്ടവും നിറഞ്ഞുനിൽക്കുന്നു. മഹാത്മാ അയ്യങ്കാളി മുതൽ യാസർ അറാഫത്ത് വരെയുള്ളവരെക്കുറിച്ച് വേടന്റെ പാട്ടുകളിൽ പരാമർശിക്കുമ്പോൾ, അത് യുവതലമുറ ഏറ്റുപാടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന് അസഹനീയമാണ്. ഈ കാരണത്താലാണ് ഹിന്ദു ഐക്യവേദിയും ആർഎസ്‌എസും വേടനെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും ഇത് പുരോഗമന കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറയുന്നു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം വേടൻ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. തെറ്റ് തിരുത്തി, ക്ഷമ ചോദിച്ച്, നിയമനടപടികളെ നേരിട്ട്, ലഹരിക്കെതിരായ പ്രചാരണങ്ങളിൽ പങ്കാളിയാകാൻ തയ്യാറായ വേടനെ സർക്കാർ പിന്തുണയ്ക്കുന്നത് ശരിയായ സമീപനമാണെന്നും ഡിവൈഎഫ്‌ഐ വിലയിരുത്തി.
എന്നാൽ, തങ്ങളുടെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ വേടനെ സാമൂഹ്യ വിരുദ്ധനായും തീവ്രവാദിയായും ചിത്രീകരിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഈ പ്രചരണങ്ങൾ പുരോഗമന കേരളം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
വേടന്റെ പാട്ടുകളിലെ ചില വരികളോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. ആഗോള രാഷ്ട്രീയ വിശകലനങ്ങളിൽ പാശ്ചാത്യ പ്രൊപ്പഗാണ്ടയുടെ സ്വാധീനം അദ്ദേഹത്തിന്റെ വരികളിൽ പ്രതിഫലിക്കുന്ന പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ ഇതൊന്നും ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടസ്സമാകാനോ, ഈ കാരണത്താൽ ആക്രമിക്കപ്പെടാനോ പാടില്ല. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ മതനിരപേക്ഷവും മനുഷ്യപക്ഷത്തും നിലകൊള്ളുന്ന കലാകാരനാണ് വേടനെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.