വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാന്റെ പിതാവ് അബ്ദുൽ റഹീം നാട്ടിലെത്തി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം നാട്ടിലെത്തി. രാവിലെ 7.45നാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. ബന്ധുക്കളും നാട്ടുകാരും റഹീമിനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. റഹീം നേരെ ഡികെ മുരളി എംഎൽഎയുടെ ഓഫീസിലേക്കാണ് പോയത്
ഇവിടെ നിന്ന് പാങ്ങോടുള്ള കുടുംബ വീട്ടിലേക്ക് പോകും. പിന്നാലെ മരിച്ചവരുടെ കബറിടം സന്ദർശിച്ച ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ അടുത്തേക്ക് എത്തും. ഏഴ് വർഷത്തിന് ശേഷമാണ് റഹീം നാട്ടിലെത്തുന്നത്. യാത്രാരേഖകൾ ശരിയായതോടെയാണ് ദമാമിൽ നിന്ന് റഹീം നാട്ടിലേക്ക് യാത്ര തിരിച്ചത്
കുടുംബാംഗങ്ങളായ നാല് പേരെയടക്കം അഞ്ച് പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമ ബീവി(95), സഹോദരൻ അഫ്‌സാൻ(13), പിതൃസഹോദരൻ ലത്തീഫ്(60), ലത്തീഫിന്റെ ഭാര്യ സജിത ബീവി(55), അഫാന്റെ കാമുകി ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഉമ്മ ഷെമി ആശുപത്രിയിൽ ചികിത്സയിലാണ്.