National
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്; ഓഗസ്റ്റ് 21 വരെ നാമനിർദേശ പത്രിക നൽകാം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 9ന് തെരഞ്ഞെടുപ്പ് നടക്കും. അന്ന് തന്നെ വോട്ടെണ്ണലുമുണ്ടാകും. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.
ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രിക സ്വീകരിക്കും. ഓഗസ്റ്റ് 25 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 2022 ഓഗസ്റ്റ് ആറിന് നടന്ന തെരഞ്ഞെടുപ്പിലാണ് രാജ്യത്തിന്റെ 16ാമത് ഉപരാഷ്ട്രപതിയായി ധൻകറെ തെരഞ്ഞെടുത്തത്.
രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയാണ് റിട്ടേണിംഗ് ഓഫീസർ. ഗരിമ ജെയിൻ, വിജയ് കുമാർ എന്നിവർ അസി. റിട്ടേണിംഗ് ഓഫീസർമാരാണ്. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.