Sports

രഞ്ജി ഫൈനലിൽ വിദർഭ 379ന് ഓൾ ഔട്ട്; കേരളത്തിന്റെ തുടക്കവും തകർച്ചയോടെ

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ഒന്നാമിന്നിംഗ്‌സിൽ 379 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനം 4ന് 254 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയർ 125 റൺസ് കൂടി കൂട്ടിച്ചേർത്തു. കേരളത്തിന്റെ തകർപ്പൻ തിരിച്ചുവരവാണ് രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ കണ്ടത്. ലഞ്ചിന് മുമ്പ് തന്നെ വിദർഭയുടെ 9 വിക്കറ്റുകൾ വീഴ്ത്താൻ കേരളാ ബൗളർസിന് സാധിച്ചിരുന്നു

സ്‌കോർ 290ലാണ് രണ്ടാം ദിനം കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. 153 റൺസുമായി കേരളത്തിന് വെല്ലുവിളിയായി ക്രീസിൽ തുടർന്ന ഡാനിഷ് മലേവാറിനെ ബേസിൽ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ സ്‌കോർ 295ൽ യാഷ് താക്കൂറിനെ ബേസിൽ വിക്കറ്റിന് മുന്നിൽ കുരുക്കി

സ്‌കോർ 297ൽ യാഷ് റാത്തോഡും സ്‌കോർ 333ൽ അക്ഷയ് കർണേവാറും 335ൽ അക്ഷയ് വഡേക്കറും വീണു. അവസാന വിക്കറ്റിൽ നചികേത് ഭുതെയും ഹർഷ് ദുബെയും ചേർന്ന് 44 റൺസാണ് കൂട്ടിച്ചേർത്തത്. നചികേത് 32 റൺസെടുത്തു. ഹർഷ് ദുബെ 12 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിനായി ഏദൻ, എംഡി നിധീഷ് എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ബേസിൽ രണ്ടും ജലജ് സക്‌സേന ഒരു വിക്കറ്റുമെടുത്തു

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിൽ ഒരു റൺസ് എടുക്കുമ്പോൾ തന്നെ ഓപണർ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ദർശൻ നൽകണ്ടെ രോഹനെ ക്ലീൻ ബൗൾഡാക്കി. സ്‌കോർ 14ൽ നിൽക്കെ 14 റൺസെടുത്ത അക്ഷയ് ചന്ദ്രനും പുറത്തായതോടെ കേരളം വൻ തകർച്ചയിലേക്ക് എന്ന് തോന്നിച്ചു. എന്നാൽ കൂടുതൽ പരുക്കുകൾ സംഭവിക്കാതെ ആദിത്യ സർവതെയും അഹമ്മദ് ഇമ്രാനും ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയാണ്. സർവതെ 28 റൺസുമായും ഇമ്രാൻ 10 റൺസുമായും ക്രീസിലുണ്ട്. കേരളം നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്.

Related Articles

Back to top button
error: Content is protected !!