വിൻസിയുടെ പരാതി: ഷൈൻ ടോം ചാക്കോ നേരിട്ടെത്തി വിശദീകരണം നൽകും, അന്വേഷണവുമായും സഹകരിക്കും

വിൻസി അലോഷ്യസിന്റെ പരാതിയിൽ നേരിട്ട് വിശദീകരണം നൽകാൻ ഷൈൻ ടോം ചാക്കോ. തിങ്കളാഴ്ച ഫിലിം ചേംബർ ആസ്ഥാനത്ത് നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം. പോലീസ് അന്വേഷണവുമായും ഷൈൻ സഹകരിക്കും. തിങ്കളാഴ്ചയാണ് വിൻസിയുടെ പരാതി അന്വേഷിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നത്
ഷൈന് ഇ മെയിൽ വഴി സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ കത്ത് വന്നതായി ഷൈനിന്റെ കുടുംബം അറിയിച്ചു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷൈൻ അന്വേഷണവുമായി സഹകരിക്കുമെന്ന് കുടുംബവും സ്ഥിരീകരിച്ചു.
അതേസമയം പരാതിയില്ലെങ്കിലും ഷൈനിനെതിരെ എക്സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാൽ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.