വിൻസിയുടെ വെളിപ്പെടുത്തൽ; ഷൂട്ടിനിടയിൽ അങ്ങനെ ഒരു വിഷയം നടന്നിട്ടില്ലെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ

കൊച്ചി: ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് ഉയർത്തിയ പരാതിയിൽ പ്രതികരണവുമായി ‘സൂത്രവാക്യം’ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. ഷൂട്ടിങ്ങിനിടയിൽ വിൻസി ആരോപിക്കുന്നത് പോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് നിർമാതാവ് ശ്രീകാന്തും സംവിധായകൻ യൂജിനും പറയുന്നത്.
ചീഫ് ടെക്‌നിഷ്യൻമാരിൽ ആരുടെ അടുത്തും വിൻസി ഇക്കാര്യം പറഞ്ഞിട്ടില്ല. മറ്റ് ആരുടെങ്കിലും ഇക്കാര്യം പറഞ്ഞോ എന്നറിയില്ല. വിൻസി പറഞ്ഞ സഹതാരവും അങ്ങനെ പോയതായി തങ്ങൾക്ക് അറിയില്ല. തങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ആരും കരഞ്ഞുപോയിട്ടില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
വിഷയം എന്താണെന്ന് വ്യക്തമായി അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് വിഷയത്തിൻ്റെ ഗൗരവും മനസ്സിലാകുന്നത്. സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരുമായും ഇക്കാര്യം സംസാരിക്കും. വരുന്ന 21ന് സിറ്റിങ് തീരുമാനിച്ചിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ ഉയരുന്നതിൽ ഖേദമുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് നേരത്തെ പരാതി ലഭിച്ചിട്ടില്ല. സംഭവിച്ചത് എന്ത് തന്നെയായാലും വിൻസിക്ക് ഒപ്പം നിൽക്കുമെന്നും പ്രൊഡ്യൂസർ കൂട്ടിച്ചേർത്തു.