അഹങ്കാരം കത്തിക്കയറി നില്‍ക്കുന്ന സമയത്ത് ആ സിനിമ ഞാന്‍ ഒഴിവാക്കി; അതിപ്പോള്‍ കാനിലെത്തി
വെളിപ്പെടുത്തി വിന്‍സി അലോഷ്യസ്
സിനിമകളും അവാര്‍ഡുകളും കിട്ടിക്കൊണ്ടിരിക്കെ അഹങ്കാരം മൂത്ത് താന്‍ ഒരു പടം ഒഴിവാക്കിയിരുന്നുവെന്നും അതിപ്പോള്‍ കാന്‍സിലെത്തിയെന്നും മലയാളി നടി വിന്‍സി അലോഷ്യസ്. നസ്രാണി യുവശക്തിയെന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തന്റെ അഹങ്കാരത്തിന്റെ കഥയെ കുറിച്ച് നടി വെട്ടിത്തുറന്ന് സംസാരിച്ചത്.
നായിക നായകന്‍ എന്ന ഷോയിലൂടെ വന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി ചെറിയ കാലം കൊണ്ട് തന്റേതായ ഇടം ഉണ്ടാക്കിയ വിന്‍സി അലോഷ്യസാണ് ഇപ്പോള്‍ തനിക്ക് നഷ്ടമായ വലിയ അവസരത്തെ കുറിച്ച് നിരാശയോടെ സംസാരിക്കുന്നത്.
ടെലിവിഷന്‍ ഷോയില്‍ ശ്രദ്ധ നേടിയ ശേഷം സിനിമകള്‍ ഓരോന്നായി വന്നു തുടങ്ങി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്തു. പിന്നീട് രേഖയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ആ വളര്‍ച്ചയില്‍ രണ്ട് കാര്യങ്ങളുണ്ടായി. ആദ്യം അനുഗ്രഹിക്കപ്പെട്ടവളാണെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. സക്സസ് കൂടി വന്നതോടെ അനുഗ്രഹം എന്നത് മാറി അഹങ്കാരം ആയി മാറി. എന്റെ കഴിവാണ് അവസരം കിട്ടാനുള്ള കാരണമെന്ന അഹങ്കാരമായിരുന്നു എനിക്ക് എന്നാണ് വിന്‍സി പറയുന്നത്.
അവാര്‍ഡ് കിട്ടിയ ശേഷം ഇറങ്ങിയ എന്റെ സിനിമകള്‍ പരാജയമായിരുന്നു. ജീവിതത്തില്‍ ഒന്നും സംഭവിച്ചില്ല. അപ്പോഴും കഴിവിന് അവസരം വരുമെന്ന അഹങ്കാരമായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് പോലും അറിയാത്തൊരു രഹസ്യം പറയാം. അഹങ്കാരം കേറി നില്‍ക്കുന്ന സമയത്ത് എനിക്കൊരു സിനിമ വന്നു. പക്ഷെ ഞാന്‍ ഒഴിവാക്കി വിട്ടു. ആ സിനിമ ഇന്ന് കാന്‍സില്‍ എത്തി നില്‍ക്കുകയാണ്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ആയിരുന്നു ആ സിനിമ. എന്റെ അഹങ്കാരം കാരണം ഞാന്‍ ഒഴിവാക്കിയ സിനിമയാണതെന്നും വിന്‍സി പറയുന്നു.