നിയമലംഘനം: 1,200 മോട്ടോര്‍സൈക്കിളുകള്‍ക്ക് പിഴയിട്ടതായി ആര്‍ടിഎ
ദുബൈ: സുരക്ഷിതമല്ലാത്ത ഡ്രൈവിങ്, സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കല്‍, ഗുണനിലവാരമില്ലാത്ത ബൈക്ക് ഓടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 1,200 മോട്ടോര്‍ സൈക്കിളുകള്‍ക്ക് പിഴ ചുമത്തിയതായി ആര്‍ടിഎ അറിയിച്ചു. ഡെലിവറിക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ ബൈക്കുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താനായി നടത്തിയ കാമ്പയിന്റെ ഭാഗമായാണ് പിഴ ചുമത്തിയത്.
ഹെസ്സ സ്ട്രീറ്റ്, സബീല്‍ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ്, ഡൗണ്‍ടൗണ്‍, മിര്‍ദിഫ്, മോട്ടോര്‍ സിറ്റി തുടങ്ങിയ തിരക്കുപിടിച്ച ഇടങ്ങളിലായിരുന്നു പരിധോന നടത്തിയത്. 11,000 പരിശോധനകളാണ് നടത്തിയതെന്നും കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനും ഇന്‍ഷൂറുമായി റോഡിലിറക്കിയ 44 മോട്ടോര്‍സൈക്കിളുകള്‍ കണ്ടുകെട്ടിയതായും ആര്‍ടിഎയുടെ ലൈസന്‍സിങ് ആക്ടിവിറ്റീസ് മോണിറ്റേറിങ് വിഭാഗം ഡയരക്ടര്‍ സഈദ് അല്‍ റംസി വെളിപ്പെടുത്തി.
പെര്‍മിറ്റില്ലാത്ത 33 ഇലട്രിക് സ്‌കൂട്ടറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹെല്‍മറ്റ്, ഗ്ലൗസ്, റിഫ്‌ളക്ടീവ് വെസ്റ്റ്‌സ്, എല്‍ബോ ആന്റ് നീ ഗാര്‍ഡ്‌സ് എന്നിവ ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയും നടപടി നേരിട്ടവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.