ശബരിമലയിലെ ദിലീപിന്റെ വി ഐ പി ദര്‍ശനം: വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു
രൂക്ഷ വിമർശവുമായി ഹൈക്കോടതി

ശബരിമലയിലെ നടന്‍ ദിലീപിന്റെ വി ഐ പി സന്ദര്‍ശനത്തില്‍ വിജിലന്‍സ് വിഭാഗം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ റിപോര്‍ട്ട് തിങ്കളാഴ്ച കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ശബരിമലയില്‍ നടന്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് വിജിലന്‍സ് നടപടി.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. സംഭവം ചെറുതായി കാണാന്‍ കഴിയില്ല. ദിലീപിന്റെ ദര്‍ശനസമയത്തെ സന്നിധാനത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ച് ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം.ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.