World

വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധം; ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ഇരുരാജ്യങ്ങളും ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍ പൂര്‍ണതോതിലുളള ഒരു സംഘര്‍ഷ സാധ്യതയെക്കുറിച്ച് ലോകം ആശങ്കപ്പെടണം. പാകിസ്താന്‍ എന്തിനും തയ്യാറാണ്. സാഹചര്യം വഷളായാല്‍ ഏറ്റുമുട്ടലിന്റെ ഫലം ദാരുണമായിരിക്കും. ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഒരു പ്രകോപനം ഇന്ത്യ നടത്തുകയാണെങ്കില്‍ പാകിസ്താന്‍ സൈന്യം സുസജ്ജമാണ്. ഞങ്ങള്‍ തിരിച്ചടിക്കും. പാകിസ്താന്‍ ആണവ ശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുത്.’-എന്നാണ് ഖവാജ ആസിഫ് പറഞ്ഞത്.

ഇന്ത്യ കര-വ്യോമ നാവിക ആക്രമണം നടത്തിയാല്‍ അതിനെ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് കഴിഞ്ഞദിവസം പാകിസ്താന്‍ പറഞ്ഞിരുന്നു. പാകിസ്താന് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കി. ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്താന് കനത്ത വെല്ലുവിളിയാണ്. പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം 55-ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനാണ് തീരുമാനം.

Related Articles

Back to top button
error: Content is protected !!