Kerala
വയനാട് വാഹനാപകടം: ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്കും ജെൻസണുമടക്കം 9 പേർക്ക് പരുക്ക്
വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്കേറ്റു. സ്വകാര്യ ബസും വാനുമാണ് അപകടത്തിൽപ്പെട്ടത്. ബസിലെയും വാനിലെയും ആളുകൾക്ക് പരുക്കേറ്റു. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണുമാണ് വാനിൽ സഞ്ചരിച്ചിരുന്നത്. തലയ്ക്ക് പരുക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. ഇതിൽ ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്
ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി സ്വരുക്കൂട്ടിയ നാലര ലക്ഷം രൂപയും പതിനഞ്ച് പവനും മലവെള്ളപ്പാച്ചിലിൽ നഷ്ടമായിരുന്നു.