Kerala
വയനാട് കമ്പമല വനത്തിലെ തീപിടിത്തം മനുഷ്യനിർമിതം; യുവാവ് പിടിയിൽ

വയനാട് തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ. തൃശിലേരി സ്വദേശി സുധീഷ് ആണ് പിടിയിലായത്. നാലു ഹെക്ടറോളം പുൽമേടാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കത്തിനശിച്ചത്. തച്ചറക്കൊല്ലി, മുത്തുമാരി, കമ്പമല, നരിനിരങ്ങിമല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ തീപിടുത്തം ഉണ്ടായത്.
തീപിടുത്തം മനുഷ്യ നിർമിതമാണെന്ന് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തീപടരുമ്പോൾ ഒരാൾ ഓടി മറയുന്നതായുള്ള മൊഴിയും വനംവകുപ്പിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
കസ്റ്റഡിയിൽ എടുത്ത തൃശിലേരി സ്വദേശി സുധീഷ് മുൻപ് കഞ്ചാവ് കേസിലും കൃഷിഭൂമി വെട്ടിനിരത്തിയ കേസിലും പ്രതിയാണ്. ഇയാളെ വനം വകുപ്പ് ചോദ്യം ചെയ്തു. വനംവകുപ്പും ഫയർഫോഴ്‌സും മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്.