Kerala
ക്ഷേമ പെൻഷൻ: മെയ് മാസത്തിൽ രണ്ട് ഗഡു ഒന്നിച്ച് ലഭിക്കും, ഒരു ഗഡു കുടിശ്ശിക കൂടി അനുവദിച്ചു

സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയിൽ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനത്ത് അടുത്ത മാസം ഗുണഭോക്താക്കൾക്ക് സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ രണ്ട് ഗഡു ഇതോടെ ലഭിക്കും. മെയ് മാസത്തെ പെൻഷനോടൊപ്പം ഒരു ഗഡു കൂടി അനുവദിക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു
അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് തീരുമാനം. ഇതിനായി 1800 കോടി രൂപയോളം വേണ്ടി വരും. ഓരോ ഗുണഭോക്താവിനും 3200 രൂപ വീതം ലഭിക്കുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി
വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിച്ചത്.