മദ്രസകളുടെ കാര്യത്തിൽ മാത്രം എന്താണ് ആശങ്ക; മറ്റ് മത വിഭാഗങ്ങൾക്ക് ബാധകമല്ലേ?: ബാലാവകാശ കമ്മീഷനെതിരെ സുപ്രിം കോടതി
മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെ വിമർശിച്ച് സുപ്രിം കോടതി. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങൾ നടത്തുന്ന മതപഠനശാലകൾക്ക് വിലക്ക് ബാധകമാണോ എന്നും സുപ്രിം കോടതി ചോദിച്ചു. കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാട് എന്നും ബാലാവകാശ കമ്മീഷനോട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷനായ ബഞ്ച് ചോദിച്ചു. വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകളുടെ അംഗീകാരം റദ്ദാക്കണമെന്ന ബാലാവകാശ കമ്മീഷൻ നിർദ്ദേശം കഴിഞ്ഞ ദിവസം സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. ഈ മാസം 13നാണ് ദേശീയ ബാലാവകാശ കമ്മീഷൻ ഇപ്രകാരം നിർദ്ദേശം നൽകിയത്.
ഉത്തർ പ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ വിമർശനം. എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാൻ നീക്കം നടക്കുന്നത്? എന്താണ് അതിന് പിന്നിലെ താത്പര്യം? മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തിൽ ഈ താത്പര്യമില്ലേ എന്നും കോടതി ബാലാവകാശ കമ്മീഷനോട് ചോദിച്ചു. ബാലാവകാശ കമ്മീഷനെയും ഉത്തർ പ്രദേശ് സർക്കാരിനെയും കോടതി വിമർശിക്കുകയും ചെയ്തു. ബാലാവകാശ കമ്മീഷൻ്റെ നിർദ്ദേശത്തിന് പിന്നാലെ ഇത് നടപ്പാക്കാൻ യുപി സർക്കാർ നീക്കം തുടങ്ങിയിരുന്നു.
ഇന്ത്യാ രാജ്യം വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും നാഗരികതകളുറ്റെയും കൂടിച്ചേരലാണ്. മതപ്രബോധനം മുസ്ലിങ്ങൾക്ക് മാത്രമുള്ളതല്ല. നമ്മുടെ രാജ്യം വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
രാജ്യത്തെ മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നായിരുന്നു ദേശീയ ബാലാവകാശ കമ്മീഷൻ്റെ ശുപാർശ. വിദ്യാഭ്യാസ അവകാശ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടണം. മദ്രസകളിൽ ഭരണഘടനാ ലംഘനം നടക്കുന്നു. മദ്രസകൾക്ക് സഹായം നൽകുന്നില്ലെന്ന് കേരളം കള്ളം പറഞ്ഞു എന്നും ബാലാവകാശ കമ്മീഷൻ ആരോപിച്ചിരുന്നു. മദ്രസകളെക്കുറിച്ച് പഠനം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത് എന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു. 71 പേജുള്ള ഈ റിപ്പോർട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയയ്ക്കുകയായിരുന്നു.
മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടു എന്ന് കത്തിൽ ബാലാവകാശ കമ്മീഷൻ പറഞ്ഞിരുന്നു. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. മദ്രസാ വിദ്യാഭ്യാസം മതേതര മൂല്യങ്ങൾക്കെതിരാണ്. കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് മദ്രസകൾ തടസമാകുന്നു. വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകളുടെ അംഗീകാരം റദ്ദാക്കണം. മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണം തുടങ്ങിയവയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലെ ആവശ്യങ്ങൾ.
ഇസ്ലാമിക ആധിപത്യമാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. മദ്രസാ പുസ്തകങ്ങളിൽ അംഗീകരിക്കാൻ കഴിയാത്ത ഉള്ളടക്കങ്ങളുണ്ട്. അധ്യാപകർക്ക് പരിശീലനം ലഭിച്ചിട്ടില്ല. ബീഹാറിലെ മദ്രസകളിൽ പാകിസ്താനിലെ പുസ്തകങ്ങൾ പഠിപ്പിക്കുന്നു. യൂണിഫോം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം തുടങ്ങിയ അവകാശങ്ങൾ മദ്രസകൾ ലംഘിക്കുകയാണ്. മുസ്ലിം കുട്ടികൾക്ക് മറ്റു സ്കൂളുകളിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നും ദേശീയ ബാലാവകാശ കമ്മീഷൻ പറഞ്ഞു. കേരളത്തിൽ മദ്രസകളില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചെങ്കിലും ഇത് കളവാണ്. മദ്രസകൾക്ക് കേരള സംസ്ഥാന സർക്കാർ നേരിട്ടല്ലാതെ ധനസഹായം സർക്കാർ നല്കുന്നുണ്ടെന്ന് കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുംഗോ ആരോപിച്ചു. ഒക്ടോബർ 16ന് ദേശീയ ബാലാവകാശ കമ്മീഷൻ അധ്യക്ഷനായുള്ള പ്രിയങ്ക് കനുംഗോയുടെ കാലാവധി അവസാനിച്ചിരുന്നു. ഈ സമയത്താണ് അദ്ദേഹം കത്തയച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. നിർദ്ദേശം അടിച്ചേല്പിക്കരുതന്നായിരുന്നു എൻഡിഎ മുന്നണിയിലെ ഘടകകക്ഷിയായ ലോക്ജന ശക്തി പാർട്ടിയുടെ ആവശ്യം. വിശാല ചർച്ചയാണ് വേണ്ടതെന്നും ചിരാഗ് പാസ്വാൻ്റെ പാർട്ടി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷനെ വിമർശിച്ച് സുപ്രിം കോടതി രംഗത്തുവന്നത്.