ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവനിലൂടെ ചെയ്യുന്നത്; വിമർശനം തുടർന്ന് കാന്തപുരം
മലപ്പുറം: മെക് സെവൻ വ്യായാമ കൂട്ടായ്മകൾക്കെതിരെ വീണ്ടും വിമർശനുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മലബാർ മേഖലകളിൽ നടക്കുന്ന മെക്ക് സെവൻ വ്യായാമക്കൂട്ടായ്മകളിൽ സ്ത്രീകളുടെ മാന്യതയ്ക്ക് വിട്ടുവീഴ്ച സംഭവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വ്യായാമത്തിൻ്റെ മറവിൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സദസുകളൊരുക്കുന്നു. പുരുഷന്മാരും സ്ത്രീകളും വ്യായാമ ദിനചര്യകളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നുള്ള കാഴ്ചപ്പാടിൽ ആശങ്കയുണ്ടെന്നുള്ളത് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മലപ്പുറം കിഴിശ്ശേരിയിൽ ഇസ്സത്ത് സ്കോളറേനിയം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവൻ വ്യായാമക്കൂട്ടായ്മയിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നുകൊണ്ടാണ് ഈ വ്യായാമത്തിലേർപ്പെടുന്നത്. ഇതിലൂടെ ഈ ലോകത്തിൽ നാശങ്ങളും നഷ്ടങ്ങളുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.
മുൻകാലങ്ങളിൽ പുരുഷന്മാരെ കാണുന്നതിനും അവരുമായി സംസാരിക്കുന്നതിനും ഇസ്ലാം മതത്തിൽ വിലക്കുണ്ടായിരുന്നു. ഇസ്ലാം മതത്തിലെ ഈ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളും പുരുഷന്മാർക്കും കണ്ടുമുട്ടാനും സംസാരിക്കാമെന്നുള്ള കാര്യങ്ങളാണ് മതപണ്ഡിതന്മാർ പഠിപ്പിച്ചു കൊടുക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വിമർശിച്ചു.
മെക് സെവനെതിരെ നേരത്തേയും സുന്നി കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. പുരുഷന്മാര് സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ലെന്നും സുന്നി വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കിയിരുന്നു.