എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നത്; ഭരണപക്ഷം ബഹളം വെച്ചതോടെ പ്രകോപിതനായി സതീശൻ
പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുയർത്തിയതിന് പിന്നാലെ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂത്താട്ടുകുളം വിഷയത്തിൽ സതീശൻ വിമർശനമുയർത്തിയതിന് പിന്നാലെയാണ് ഭരണപക്ഷ ബഹളമുണ്ടായത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് കയ്യിലെ പേപ്പർ വലിച്ചെറിഞ്ഞ് സതീശൻ സീറ്റിൽ ഇരിക്കുകയായിരുന്നു
സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പരാമർശത്തിൽ മുഖ്യന്ത്രി ഉറച്ചുനിൽക്കുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ക്രിമിനലുകളെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്നാണ് മറുപടിയിൽ പുറത്തുവന്നത്. കേരളത്തിൽ എത്രയോ പഞ്ചായത്തുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടു പോകുകയാണോ
കാർ ഓടിച്ചത് ഡിവൈഎഫ്‌ഐ അംഗമാണ്. പുതുതലമുറയെ ഇത്തരം കാര്യങ്ങൾ ചെയ്യാനാണോ പ്രോത്സാഹിപ്പിക്കുന്നത്. ക്രിമിനലുകളെ വളർത്തുകയാണോ. ഇതാണോ നീതിബോധമെന്നും സതീശൻ ചോദിച്ചു. ഇതോടെയാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതിലാണ് സതീശൻ പ്രകോപിതനായത്.